പത്തനംതിട്ട : 2018ലെ പ്രളയകാലത്ത് പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മണല്‍ ശേഖരം ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയില്‍ നഷ്ടപ്പെട്ടുപോകുകയായിരുന്നെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. ഈ വര്‍ഷത്തെ കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മണല്‍ശേഖരം പമ്പാ ത്രിവേണിയില്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ മണല്‍ ശേഖരിക്കുന്നതിന് ആവശ്യമായ യാതൊരു പദ്ധതിയും തയ്യാറാക്കാതെ ജില്ലാ ഭരണകൂടം പമ്പാ ത്രിവേണി സന്ദര്‍ശിച്ചത് പൊതുസമൂഹത്തെ കബളിപ്പിക്കാനാണെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥ മൂലം സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടു. സമയബന്ധിതമായി മണല്‍ ലേലം ചെയ്തു നല്‍കിയിരുന്നുവെങ്കില്‍ പമ്പാ ത്രിവേണിയിലെ മണല്‍ശേഖരം നഷ്ടപ്പെടില്ലായിരുന്നു. ഈ വര്‍ഷകാലത്തെങ്കിലും ശേഖരിക്കുന്ന മണല്‍ താമസംവിനാ ലേലം ചെയ്ത് വില്‍ക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ഇപ്പോഴേ തയ്യാറാക്കണമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു. കേരള സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന വഞ്ചനയുടെ നാലാണ്ടുകള്‍ എന്ന പരിപാടിയെക്കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃയോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ നാളെ ചേരുമെന്നും ബാബു ജോര്‍ജ്ജ് അറിയിച്ചു.