പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിർമാണം ആരംഭിച്ച കെ.എസ്.ആർ.ടി.സി.യുടെ ബസ് സ്റ്റേഷൻ ടെർമിനൽ-കം ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണം നീളുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
എല്ലാവർഷവും മണ്ഡല കാലത്തിന് മുമ്പേ പൂർത്തിയാക്കുമെന്ന് അധികൃതർ പറയാറുണ്ടെങ്കിലും ഇത്തവണയും പണി പൂർത്തിയാകുന്ന ലക്ഷണമില്ല. കരാറുകാരന് നൽകാനുള്ള തുക മുടങ്ങിയതാണ് പണികൾ ഇഴഞ്ഞുനീങ്ങാൻ പ്രധാനകാരണം. നിർമാണം ആരംഭിച്ചപ്പോൾ തന്നെ മണ്ഡലകാലത്തിനുമുമ്പേ പണികൾ തീർത്ത് കടമുറികൾ ലേലം കൊണ്ടവർക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു.
വ്യാപാര സമുച്ചയത്തിലെ താഴത്തെനിലയിലെ കടമുറികൾ ലേലം ചെയ്തപ്പോൾ കെട്ടിടം പണി പൂർത്തിയാക്കാനുള്ള ഫണ്ട് ലഭിച്ചെങ്കിലും കരാറുകാരന് നൽകേണ്ട തുക സമയത്തു നൽകിയില്ല. ഇപ്പോൾ ഡി.ടി.ഒ.ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചാലേ അവസാനഘട്ട പണികൾ നടത്താൻ പറ്റൂ. ഇതിൽ പ്രവർത്തിക്കുന്ന ഡി.ടി.ഒ., സ്റ്റേഷൻ മാസ്റ്റർ, കൺട്രോളിങ് ഇൻസ്പെക്ടർ തുടങ്ങി എല്ലാ ഓഫീസുകളും പുതിയ കെട്ടിടത്തിന്റെ മൂന്നാംനിലയിലേക്കു മാറ്റി സ്ഥാപിച്ചശേഷം പൊളിക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്.