പത്തനംതിട്ട: സിഡിഎം മുഖേനെ കള്ളനോട്ട് മാറിയെടുക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അഴൂർ വേളൂരേത്ത് ശബരീനാഥി (31)നെയാണ് പോലീസ് ഇൻസ്പെക്ടർ ജി. സുനിൽ അറസ്റ്റ് ചെയ്തത്. മൂന്നു യുവാക്കൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ നാലിനാണ് ഐസിഐസിഐ ബാങ്കിന്റെ സിഡിഎമ്മിൽ 5000 രൂപ ശബരീനാഥ് നിക്ഷേപിച്ചത്.
നിതിൻ എന്നയാളുടെ അക്കൗണ്ടിലേക്കായിരുന്നു പണം ഇട്ടത്. ഇതിൽ 500ന്റെ അഞ്ച് കള്ളനോട്ടുകൾ ഉണ്ടായിരുന്നു. വിവരം ശ്രദ്ധയിൽപ്പെട്ട ബാങ്ക് മാനേജർ അക്കൗണ്ട് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും അടക്കം പോലീസിൽ പരാതി നൽകി. നിതിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് പണമിട്ടത് ശബരിയാണെന്ന് അറിഞ്ഞത്. തുടർന്ന് ഇയാളെയും വരുത്തി.
അഖിൽ എന്ന യുവാവാണ് തനിക്ക് പണം നൽകിയത് എന്നായിരുന്നു ശബരിയുടെ മൊഴി. അഖിലാകട്ടെ കൊല്ലം സ്വദേശിയാണ് നോട്ടുകൾ കൈമാറിയതെന്ന് പോലീസിനോട് പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിന് ശേഷം നോട്ട് സിഡിഎമ്മിൽ ഇട്ടയാളെന്ന നിലയിൽ ശബരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നോട്ടിന്റെ ഉറവിടം കണ്ടെത്താൻ വേണ്ടി ശബരിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.