പത്തനംതിട്ട : മലയാലപ്പുഴയിൽ മന്ത്രവാദം നടത്തിയിരുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. വാസന്തി അമ്മ മഠത്തിലെ ശോഭനയെയാണ് (52) കസ്റ്റഡിയിലെടുത്തത്. ഇവര്‍ കുമ്പഴ സ്വദേശിയാണ്. മലയാലപ്പുഴ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് ഇന്ന് രാവിലെ നാട്ടുകാര്‍ ഇവരുടെ വീട് ഉപരോധിച്ചത്.
കോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസ്, സി.പി.എം, ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവര്‍ത്തകരാണ് ഇവരുടെ വീട്ടുമുറ്റത്ത് മുദ്രാവാക്യം മുഴക്കിക്കൊണ്ട് നിലയുറപ്പിച്ചത്. രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല. മന്ത്രവാദിയായ ഇവരെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞുപോകില്ലെന്ന വാശിയില്‍ പ്രതിഷേധം തുടര്‍ന്നു. നാട്ടുകാര്‍ ഇവരുടെ വീടിനും നാശനഷ്ടമുണ്ടാക്കി. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മറിച്ചിട്ട് തല്ലിത്തകര്‍ത്തു. പൂജക്ക് ഉപയോഗിച്ചിരുന്ന വിളക്കുകളും അനുബന്ധ സാധനങ്ങളും എറിഞ്ഞുടച്ചു. പൂജക്ക് വീട്ടുവളപ്പില്‍ നിര്‍മ്മിച്ച മുറിയുടെ ഓടുകളും തല്ലിത്തകര്‍ത്തു. 11 മണിയോടെ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ഇവിടെയെത്തി. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് ജീപ്പില്‍ കൊണ്ടുപോയത്.
കുട്ടികളേയും മന്ത്രവാദത്തിന് ഉപയോഗിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഏറെ നാളായി ഇവിടെ പൂജയും ബാധയൊഴിപ്പിക്കലും ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പല സ്ഥലങ്ങളിൽ നിന്നും കുട്ടികളെ ഉൾപ്പെടെ ഇവിടേക്കെത്തിക്കാറുണ്ട്. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പൂജ നടത്തുമ്പോൾ ഉച്ചത്തിൽ തെറി വിളിക്കും. പ്രതിഷേധവുമായി നാട്ടുകാർ ചെന്നാൽ വിവസ്ത്രയായി നിന്ന് ഉപദ്രവിച്ചുവെന്ന് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തും. പോലീസ് അന്വേഷണത്തിനെത്തിയാൽ ചീത്തവിളിക്കും. മദ്യത്തിനും ഈ സ്ത്രീ അടിമയാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പുറത്തിറങ്ങുമ്പോൾ ജീൻസ് ഉൾപ്പെടെയുള്ള പുത്തൻ വസ്ത്രങ്ങളാണ് ധരിക്കാറ്. ഭർത്താക്കൻമാരെന്ന പേരിൽ നിരവധിപ്പേർ ഇതിനിടെ ഇവർക്കൊപ്പം താമസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
ഇപ്പോൾ താമസിക്കുന്ന ആളെ കസ്റ്റഡിയിലെടുക്കാനായില്ല. മന്ത്രവാദത്തിനിടെ കുട്ടികളുൾപ്പെടെ ബോധം കെട്ടുവീഴാറുണ്ട്. മന്ത്രവാദത്തിനെത്തി പൂജ ചെയ്യാതെ മടങ്ങിപ്പോയ സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പരാതി ഉണ്ട്. എതിര്‍ക്കുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും വീടിനുമുന്‍പില്‍ പൂവ് ഇടുകയും നാണയം എറിയുകയും ചെയ്യും. നാൽപ്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. ഗുണ്ടകളേയും ഇവർ ഉപയോഗിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മഠത്തില്‍ ദുര്‍മന്ത്രവാദത്തിനിടെ ബാലന്‍ കുഴഞ്ഞുവീഴുന്ന വീഡിയോ ദൃശ്യങ്ങള്‍ മൂന്നു മാസം മുമ്പ് പുറത്തുവന്നിരുന്നു. ഇലന്തൂര്‍ നരബലി വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇവിടേക്കുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്. പല നാടുകളില്‍ നിന്നും ആളുകള്‍ മന്ത്രവാദത്തിന് ഇവിടെ വരാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.































