28.6 C
Pathanāmthitta
Monday, January 24, 2022 4:48 pm
- Advertisment -

പുരോഗതിയുടെ അളവുകോലായി കാണേണ്ടത് കുട്ടികളുടെ വളര്‍ച്ചയെ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട : സമൂഹത്തിന്റെ പുരോഗതിയുടെ അളവുകോലായി കാണേണ്ടതു കുട്ടികളുടെ വളര്‍ച്ചയെയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. അവര്‍ എത്രമാത്രം സംരക്ഷിക്കപ്പെടുന്നു, ആരോഗ്യസ്ഥിതി, സമൂഹത്തിലെ സ്ഥാനം, മാനസികാവസ്ഥ, ബാലനീതി ഉറപ്പാക്കല്‍ എന്നീ മാനദണ്ഡങ്ങള്‍ വച്ചുകൊണ്ടാണ് സമൂഹത്തിന്റെ പുരോഗതി അളക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തി പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മൂന്നാംഘട്ട ബാല സൗഹ്യദ കേരളം പരിപാടിയുടെ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലസൗഹൃദ കേരളം എന്ന പരിപാടി ജില്ലാ തലത്തില്‍ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള ബാധ്യത നാം ഒരോരുത്തരും ഏറ്റെടുക്കണം. ബാലവകാശ സംരക്ഷണം സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. രാജ്യത്തിന്റെ പുരോഗതി അളക്കുന്നതിനു പലതരത്തിലുള്ള മാനദണ്ഡങ്ങള്‍ കണക്കാക്കപ്പെടുന്നുണ്ട്. ഏറ്റവും ഒടുവില്‍ ജിഡിപി വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അത് അളക്കാന്‍ തുടങ്ങി. ആഭ്യന്തര ഉത്പാദനം കണക്കാക്കിയാണ് ഇതു നിര്‍ണയിക്കുക. ലോക മാനവശേഷി വിഭവ സൂചിക, ലോക ദാരിദ്ര്യസൂചിക തുടങ്ങിയ കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യം ഏറെ പിന്നിലാണ്. ബാലവേല, കുട്ടികള്‍ക്കെതിരായ ക്രൂരത, പെണ്‍കുട്ടികളെ കൊല ചെയ്യല്‍, പീഡനം, പോഷകാഹാരക്കുറവ്, കുട്ടികളുടെ ഭാരക്കുറവ് തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് രാജ്യത്തു നിലനില്‍ക്കുന്നത്. കുട്ടികളുടെ വളര്‍ച്ച എന്നത് സമൂഹത്തിന്റെ പുരോഗതിയുടെ അടിത്തറയാണ് എന്ന മാനുഷികമായ മാനദണ്ഡങ്ങളെ ഏറ്റെടുക്കണം. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുമ്പോള്‍, ദാരിദ്ര്യമില്ലാതാകുമ്പോള്‍, കുട്ടികള്‍ സംരക്ഷിക്കപ്പെടുമ്പോള്‍, ബാലനീതി ഉറപ്പാക്കുമ്പോള്‍ തുടങ്ങിയ കാര്യങ്ങളിലാണു രാജ്യം പുരോഗമിക്കേണ്ടത്. ബാലനീതി ഉറപ്പാക്കുന്ന കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ബാലാവകാശ സംരക്ഷണ സമിതികള്‍ ചേര്‍ന്നു കൂടുതല്‍ പ്രോജക്ടുകള്‍ രൂപീകരിക്കണം. ഇവ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുമിച്ചു പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ കൂട്ടായ്മ ഉണ്ടെങ്കില്‍ മാത്രമേ സമൂഹത്തെ ബാധിക്കുന്ന ഏതൊരു പ്രശ്‌നവും പരിഹരിക്കാന്‍ കഴിയുള്ളൂവെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. കുട്ടികള്‍ വീടുകളില്‍ പോലും സുരക്ഷിതരല്ല. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വ്യത്യസ്ത നീതിയാണു നാട്ടിലുള്ളത്. വേര്‍തിരിവില്ലാതെ തുല്യതയോടെ വളര്‍ത്തണമെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വയം പ്രതിരോധിക്കാനും തീരുമാനങ്ങളെടുക്കാനും കുട്ടികള്‍ക്കു സാഹചര്യം ഒരുക്കിക്കൊടുക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കുട്ടികളുടെ കാഴ്ചപ്പാടും ലോകവും ഒന്നിലും ചുരുങ്ങിപ്പോകാതെ ശ്രദ്ധക്കണമെന്നും മുഖ്യപ്രഭാഷണം നടത്തി ജില്ലാ കളക്ടര്‍ പറഞ്ഞു. വീടുകള്‍ക്കുള്ളില്‍ വികസനവും പുരോഗതിയും സാധ്യമാകുന്നുണ്ടോ എന്ന് ആലോചിക്കണം. കുട്ടികളുടെ അവകാശത്തെ കുടുംബത്തിന്റെ അവകാശമായി കണക്കാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം റെനി ആന്റണി, ജുവനൈല്‍ ജസ്റ്റിസ് അംഗം എ.കെ ശ്രീകുമാര്‍, ഡിഡിപി കെ.ആര്‍ സുമേഷ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ ആര്‍.നിഷാനായര്‍, ജില്ലാ ചൈല്‍ഡ് ലൈന്‍ കോ – ഓര്‍ഡിനേറ്റര്‍ ആതിരാ സുകുമാരന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതദാസ്, സംസ്ഥാന പോക്‌സോ സെല്‍ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ തുഷാര ഭാസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാഷണല്‍ പഞ്ചായത്ത്‌രാജ് റിസോഴ്‌സ് പേഴ്‌സണ്‍ അഡ്വ.രാജീവ് ഗോപന്‍, ജെ.ജെ കണ്‍സള്‍ട്ടന്റ് അഡ്വ.മുഹമ്മദ് അന്‍സാരി, വനിതാ ശിശുവികസന ഓഫീസര്‍ പി.എസ് തസ്‌നീം, കില എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റി ഷാന്‍ രമേഷ് ഗോപന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular