പത്തനംതിട്ട : കാനനപാതയിലൂടെയുള്ള ശബരിമല ദർശന യാത്ര ശബരി തീർത്ഥാടനത്തിൻ്റെ ആചാരത്തിൻ്റെ ഭാഗമാണെന്നും മകരവിളക്കിന് മുന്നോടിയായി കാനനപാതയിലൂടെയുള്ള യാത്ര നിരോധനത്തിന് സർക്കാർ ഇളവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ പറഞ്ഞു. സന്നിധാനം ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിൻ്റെ ഭാഗമായി നേരത്തെ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചിട്ടുണ്ട്. പമ്പാ സ്നാനം, നീലിമല – അപ്പാച്ചിമേട് വഴിയുള്ള യാത്ര, സന്നിധാനത്തെ വിരിവെക്കാനും റൂമുകളിൽ വിശ്രമിക്കാനുമുള്ള സൗകര്യം എന്നിവ പുനരാംരംഭിക്കാനായത് ഈ ഇളവുകളുടെ അടിസ്ഥാനത്തിലാണ്. കൊവിഡ് നിയന്ത്രണങ്ങൾ വേണം എന്ന് തന്നെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നിലപാട്. എന്നാൽ രണ്ട് ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിക്കുകയോ 72 മണിക്കൂർ മുന്നെയുള്ള ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യുന്ന മുഴുവൻ തീർത്ഥാടകർക്കും ദർശനം സാധ്യമാക്കാനാണ് ദേവസ്വംബോർഡ് ആഗ്രഹിക്കുന്നത്. എന്നാൽ നിലവിൽ ഉള്ള സ്പോട്ട് ബുക്കിംഗ് സൗകര്യം പൂർണ്ണമായും തീർത്ഥാടകർ ഉപയോഗപ്പെടുത്തുന്നില്ല. ദിവസം അയ്യായിരം പേരെയാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനത്തിനനുവദിക്കുക. എന്നാൽ മൂവായിരത്തിലേറെ പേർ മാത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. സ്പോട്ട് ബുക്കിംഗ് സൗകര്യം ഭക്തർ ഉപയോഗപ്പെടുത്തണം. ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
ശബരിമല നട തുറന്ന് 32 ദിവസത്തിനുള്ളിൽ ഏഴ് ലക്ഷത്തിലേറെ തീർത്ഥാടകരാണ് ദർശനം നടത്തി മടങ്ങിയത്. ഇതിനിടയിൽ ഏതെങ്കിലും അയ്യപ്പഭക്തന് കൊവിഡ് ബാധയേറ്റതായി റിപോർട്ട് ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇത് വരെ അമ്പത്തി അഞ്ച് കോടിയോളം രൂപയാണ് ശബരിമലയിലെ വരുമാനം. 2019ൽ 118 കോടി രൂപ വരുമാനം ലഭിച്ച സ്ഥാനത്താണിത്. വരുമാനത്തിൽ വലിയ പങ്കും ശബരിമലയിൽ തന്നെ ചെലവഴിക്കുന്നുണ്ട്. ദേവസ്വം പ്രസിഡണ്ട് പറഞ്ഞു. വരുന്ന ഭക്തർക്ക് സംതൃപ്തമായ തീർത്ഥാടന സൗകര്യം ഒരുക്കണമെന്നതാണ് ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.





























