തിരുവനന്തപുരം: രാത്രിയില്‍ സ്റ്റേഷനില്‍ നിന്ന് പോലീസ് അടിച്ചിറക്കി താഴിട്ടു പൂട്ടി. മനോനില തെറ്റിയ സ്ത്രീയുമായി പിങ്ക് പോലീസ് നഗരം ചുറ്റിയത് 6 മണിക്കൂര്‍. ഒടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ത്രീയെ ഉപേക്ഷിച്ച് പിങ്ക് പോലീസ് തടിയൂരി. “സുരക്ഷിത” എന്ന സ്ത്രീ സുരക്ഷാ പദ്ധതി പരീക്ഷിക്കുന്ന കൊല്ലം ജില്ലയിലെ ചവറ പോലീസ് സ്റ്റേഷനിൽ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. രാത്രിയിൽ അഭയം നൽകാൻ കൂട്ടിക്കൊണ്ടുവന്ന മനോനില തെറ്റിയ സ്ത്രീയേയും പിങ്ക് പോലീസുകാരെയും ജി.ഡി ചാർജും പോലീസുകാരനും സ്റ്റേഷനിൽ നിന്ന് പുറത്താക്കി. അകത്തു കയറാതിരിക്കാൻ ഗ്രില്ല് താഴിട്ട് പൂട്ടി. പോലീസിന്റെ ആട്ടിപ്പുറത്താക്കലിൽ പ്രകോപിതയായ സ്ത്രീ വനിതാ പോലീസുകാരുടെ കണ്ണിൽ മണ്ണ് എറിഞ്ഞ് ദേശീയപാതയിലൂടെ ഓടി.
പാഞ്ഞുവന്ന വാഹനങ്ങൾക്കിടയിലൂടെ ഓടിയ സ്ത്രീയെ നൈറ്റ് പട്രോൾ സംഘം പിന്നാലെയെത്തി പിടികൂടി തിരിച്ചുകൊണ്ടുവന്നെങ്കിലും സ്റ്റേഷനിൽ കയറ്റിയില്ല. കൊണ്ടുപോയ്ക്കോ എന്ന് പറഞ്ഞായിരുന്നു ആട്ടി പുറത്താക്കൽ. എന്ത് ചെയ്യണമെന്നറിയാതെ സ്ത്രീയുമായി വെളുക്കുവോളം അങ്ങോട്ടുമിങ്ങോട്ടും കറങ്ങിയ പിങ്ക് പോലീസ് ഒടുവിൽ ആറ് മണിക്കൂറിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഒരു രാത്രി മുഴുവൻ മനോനില തെറ്റിയ സ്ത്രീയുമായി രണ്ട് വനിതാ പോലീസുകാരുടെ നെട്ടോട്ടവും ഇവരെ പുറത്താക്കിയ പോലീസുകാരുടെ നടപടിയും ആരോരുമറിയാതെ ഒതുക്കി തീർത്തു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ നീണ്ടകര ഹാർബറിന് സമീപം ഒരു സ്ത്രീ കൊടുവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി കൊല്ലം സിറ്റി പോലീസ് കൺട്രോൾ റൂമിലേക്ക് ഒരു കോൾ വന്നു. ‘സുരക്ഷിത’ എന്ന സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോൾ പോലീസിന് കൺട്രോൾ റൂമിൽ നിന്ന് സന്ദേശം കൈമാറി. ഡ്രൈവറുൾപ്പെടെ രണ്ടുപേർ മാത്രമുണ്ടായിരുന്ന പിങ്ക് പട്രോൾ നീണ്ടകരയിലേക്ക് കുതിച്ചു. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷന് വിളിപ്പാടകലെ വാളുവീശി അക്രമഭാവത്തിലായിരുന്നു അവർ. മദ്ധ്യവയസ്കയെ പിങ്ക് സംഘം നേരിട്ടു. അനുനയത്തിലൂടെ ആശ്വസിപ്പിച്ച് കൊടുവാൾ വാങ്ങി. അനുസരണയോടെ നിന്ന അവരെ പിങ്ക് പോലീസ് വാഹനത്തിൽ കയറ്റി. അപ്പോൾ വയർലസ് സന്ദേശമെത്തി. സ്ത്രീയെ ചവറ സ്റ്റേഷനിലെത്തിക്കാൻ പിങ്ക് പോലീസ് പതിനൊന്ന് മണിയോടെ ചവറ സ്റ്റേഷനിലെത്തി. ജി.ഡി ചാർജും പാറാവുകാരനും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. സ്ത്രീയെ ജി.ഡി ചാർജിന് മുന്നിലെ കസേരയിലിരുത്തി പിങ്കുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
ചവറ തെക്കുംഭാഗം സ്വദേശിനിയാണെന്നും വിധവയാണെന്നും രണ്ട് മക്കളുണ്ടെന്നും അവർ പറഞ്ഞു. വീട്ടുകാരെയോ ബന്ധുക്കളെയോ അറിയിച്ച് ഇവരെ മടക്കി അയക്കാനോ ചികിത്സ നൽകാനോ സഹായിക്കണമെന്ന് പിങ്ക് പോലീസ് അഭ്യർത്ഥിച്ചു. ജി.ഡി ചാർജ് അത് നിരസിച്ചു. സ്ത്രീക്ക് നേരെ ജി.ഡി. തട്ടിക്കയറി. പിങ്കിനെയും സ്ത്രീയേയും പുറത്താക്കി ഗ്രിൽ അടച്ചു. ഇതുകണ്ട് മനസ് തകർന്ന സ്ത്രീ പിങ്കുകാരുടെ മുഖത്ത് മണ്ണ് വാരി എറിഞ്ഞ് ഓടുകയായിരുന്നു. പിങ്ക് പിന്നാലെ പാഞ്ഞു. വയർലസിലൂടെ പിങ്ക് സന്ദേശം കൈമാറി. സന്ദേശം കേട്ട ചവറയിലെ നൈറ്റ് പട്രോൾ സംഘം അരകിലോമീറ്റർ അകലെവെച്ച് സ്ത്രീയെ തടഞ്ഞ് ജീപ്പിൽ കയറ്റി വീണ്ടും ചവറ സ്റ്റേഷനിലെത്തിച്ചു. രാത്രി ഡ്യൂട്ടിയ്ക്ക് വനിതാ പോലീസില്ലെന്ന കാരണത്താൽ അവരെ സ്വീകരിക്കാൻ ജി.ഡി കൂട്ടാക്കിയില്ല. ഇതിനെച്ചൊല്ലി തർക്കമായി.
വിവരമറിഞ്ഞ സബ്ഡിവിഷൻ നൈറ്റ് ഓഫീസർ പോലീസ് ആംബുലൻസിൽ സ്ത്രീയെ പിങ്കുകാർക്കൊപ്പം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. പോലീസ് റിപ്പോർട്ടോ വൈദ്യപരിശോധനയ്ക്കുള്ള അപേക്ഷയോ ബന്ധുക്കളോ ഇല്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ പോലീസ് വീണ്ടും കുഴഞ്ഞു. പുലർച്ചെ മൂന്നുവരെ കാത്തിരുന്നു. ഒടുവിൽ സ്ത്രീയുമായി ആംബുലൻസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി. പുലർച്ചെ അഞ്ചുമണിയോടെ സ്ത്രീയെ അജ്ഞാത രോഗികളെ പരിചരിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ പരിചരണത്തിലാക്കിയതോടെയാണ് ആറുമണിക്കൂർ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്.
സ്ത്രീ സുരക്ഷയെപ്പറ്റി കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ അസമയത്ത് സഹായം പ്രതീക്ഷിച്ചെത്തുന്ന സ്ത്രീകൾക്ക് അതൊന്നും ലഭിക്കണമെന്നില്ല. മുഴുവൻ സമയം പ്രവർത്തിക്കുന്ന സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ രാത്രിയിൽ വനിതാ പോലീസിന്റെ സഹായം കിട്ടുന്നില്ല. രാത്രി ഡ്യൂട്ടിയ്ക്കും സ്റ്റേഷനുകളിൽ വനിതാപോലീസുകാരുണ്ടെന്നാണ് വയ്പെങ്കിലും അങ്ങനെയൊന്നില്ല. എല്ലാ പോലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് അരഡസൻ വനിതാ പോലീസുകാരെങ്കിലും ഡ്യൂട്ടി നോക്കുന്നുണ്ട്. ഇവരിൽ മിക്കവരും ഓഫീസ് ജോലികളാണ് ചെയ്യുന്നത്. വൈകുന്നേരം വീട്ടിൽ പോകാനാകുന്ന ഡ്യൂട്ടികളിലാണ് വനിതാ പോലീസുകാരിൽ മിക്കവരും ഇരിക്കുന്നത്.