കോന്നി: ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച തണ്ണിത്തോട് – തേക്കുതോട് റോഡില്‍ പ്ലാന്റേഷന്‍ ഭാഗം അപകട ഭീഷണി ഉയര്‍ത്തുന്നു. 6.76 കോടി രൂപ വിനിയോഗിച്ചാണ് തണ്ണിത്തോട് മൂഴി – തേക്കുതോട് പ്ലാന്റേഷന്‍ കരിമാന്‍തോട് റോഡ് ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തീകരിച്ചത്. റോഡ് ടാറിങ് നടക്കുന്നതിന് മുന്‍പ് തന്നെ ഇവിടെ താഴ്ചയുള്ള ഭാഗത്ത് ക്രാഷ് ബാരിയറുകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ റോഡ് ഉയര്‍ത്തി നിര്‍മ്മിച്ചപ്പോള്‍ ക്രാഷ് ബാരിയറുകള്‍ താഴ്ന്നു പോവുകയും ഇത് റോഡിന് പ്രയോജനം ചെയ്യാതെ പോവുകയും ചെയ്തു. മാത്രമല്ല റോഡിലെ പ്ലാന്റേഷന്‍ ഭാഗത്ത് അഗാധമായ കുഴിയുള്ള ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടതും ആവശ്യമായിരുന്നു.
റോഡില്‍ ഏറ്റവും കൂടുതല്‍ അപകട ഭീഷണി നേരിടുന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കാതെ ആണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇതേതുടര്‍ന്ന് റോഡിലെ താഴ്ചയുള്ള ഭാഗം ഇടിഞ്ഞ് താഴുന്നത് റോഡിന് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. കൂടാതെ പ്ലാന്റേഷന്‍ ഭാഗത്ത് റോഡിലെ മഴക്കാലത്തെ വെള്ളകെട്ട് ഒഴിവാക്കാന്‍ റോഡിലെ ഒരു ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ ഭാഗത്ത് വെള്ളം ഒഴുകി പോകുവാന്‍ സ്ഥലമില്ലാത്തത് മൂലം വെള്ളം കെട്ടി നില്‍ക്കുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ രണ്ടര കോടി രൂപയും റീ ബില്‍ഡ് കേരള ഇനിഷ്യേറ്റിവില്‍ ഉള്‍പ്പെടുത്തി 4.26 കോടി രൂപയും വകയിരുത്തിയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എന്നാല്‍ അപകട ഭീഷണിയിലായ പ്ലാന്റേഷന്‍ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചില്ലെങ്കില്‍ റോഡ് വീണ്ടും നശിക്കുന്നതിന് കാരണമാകുമെന്നും യാത്രക്കാര്‍ പറയുന്നു.