ചങ്ങനാശ്ശേരി : ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ജന്മഗൃഹം നാശത്തിന്റെ വക്കില്‍. നീലംപേരൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലാണ് പി.എന്‍ പണിക്കരുടെ ജന്മഗൃഹമായ പുതുവായില്‍ വീട്. 200വര്‍ഷം പഴക്കമുള്ള ഈ വീടും ആറരസെന്റ് സ്ഥലവും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സര്‍ക്കാറിന് വിട്ടുനല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ സജീവമായി നിലനിര്‍ത്തുന്ന വിധത്തില്‍ ഇവിടെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മ്യൂസിയം നിര്‍മിക്കണമെന്നതായിരുന്നു കുടുംബത്തിന്റെ ആഗ്രഹം.
ഉടമസ്ഥാവകാശം സര്‍ക്കാറിന് കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല. ജീര്‍ണാവസ്ഥയിലായ വീട് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മേല്‍ക്കൂരയുടെ ഒരുവശം പൂര്‍ണമായി തകര്‍ന്നു. ഓടുകള്‍ മിക്കതും പൊട്ടി. മഴ പെയ്താല്‍ വീടിനുള്ളിലെ ഭിത്തികളും തറയും നനയും. ജനലുകള്‍ മിക്കതും ചിതലരിച്ച നിലയിലാണ്. വീടിന്റെ പരിസരം കാടുപിടിച്ചുകിടക്കുന്നു. വായന ദിനത്തോട് അനുബന്ധിച്ച് സാംസ്കാരിക പ്രവര്‍ത്തകരും സമീപ ജില്ലകളില്‍നിന്നടക്കം സ്കൂള്‍ വിദ്യാര്‍ഥികളും ഇവിടെ എത്തിയിരുന്നു. വീട് മ്യൂസിയമായി സംരക്ഷിച്ചാല്‍ തിരുവനന്തപുരത്തുനിന്ന് പി.എന്‍ പണിക്കര്‍ ഉപയോഗിച്ച വസ്തുക്കളും മറ്റും ഇവിടേക്ക് എത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ പറയുന്നു.
അദ്ദേഹം സ്ഥാപിച്ച സനാതന ധര്‍മ ഗ്രന്ഥശാല ആന്‍ഡ് വായനശാലയിലെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടും പരിസരവും സംരക്ഷിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാറിന് നല്കിയ സ്ഥലമായതിനാല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് പരിമിതിയുണ്ട്. ഇത് സംബന്ധിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നല്‍കാനുള്ള നീക്കത്തിലാണ് വായനശാല പ്രവര്‍ത്തകരെന്ന് ബന്ധുവും പി.എന്‍ പണിക്കര്‍ സനാതന ധര്‍മ ഗ്രന്ഥശാല ആന്‍ഡ് വായനശാല ലൈബ്രേറിയനുമായ വത്സലകുമാരി പറഞ്ഞു.





























