തിരുവനന്തപുരം : പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായുള്ള തുള്ളിമരുന്ന് വിതരണം ഇന്ന് നടക്കുകയാണ്. സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള 24,50,477 കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും. ഇതിനായി 24,247 വാക്സിനേഷൻ ബൂത്ത് സജ്ജീകരിച്ചു. സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം വിളപ്പിൽ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ രാവിലെ എട്ടിന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിച്ചു. ഒരു ബൂത്തിൽ രണ്ട് വാക്സിനേറ്റർമാരുടെ സേവനം ലഭ്യമാകും. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകളും ഒരുക്കി. ഭവനസന്ദർശനത്തിനായി 24,247 ടീമും ഉണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീടുവീടാന്തരം കയറി ഇവർ ബൂത്തുകളിൽ എത്താനാകാത്ത കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും.
രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ തുള്ളിമരുന്ന് നൽകും. എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി സ്ഥലങ്ങളിലും ബൂത്തുകളുണ്ട്. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽപ്രത്യേക സജ്ജീകരണമുണ്ട്.