തൃശൂര്‍: തൃശൂരില്‍ കൊടകര ദേശീയപാതയില്‍ രാഷ്ട്രീയപാര്‍ട്ടിയുടെ ഫണ്ട് തട്ടിയെടുത്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍. കുഴല്‍പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണിവര്‍. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുകയാണ് അക്രമി സംഘം തട്ടിയെടുത്തത്.
കോഴിക്കോട് സ്വദേശി കൊടുത്ത ഇരുപത്തിയഞ്ചു ലക്ഷം രൂപയുമായി പോകുകയായിരുന്ന കാറിനെ അക്രമി സംഘം മറ്റൊരു കാറില്‍ പിന്തുടര്‍ന്നു. തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ എത്തിയപ്പോള്‍ പണവുമായി പോയ കാറുകാര്‍ ടോള്‍ കൊടുക്കാന്‍ നിര്‍ത്തി. തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ആകട്ടെ ടോള്‍ കൊടുക്കാതെ പിന്നാലെ പാഞ്ഞു. ടോള്‍പ്ലാസയിലെ ബാരിയറില്‍ തട്ടിയ ശേഷം പാഞ്ഞു പോയി. ഇതോടെ അക്രമി സംഘത്തിന്റെ വാഹനമാണ് പിന്തുടര്‍ന്നതെന്ന് പോലീസിന് മനസിലായി.
അക്രമി സംഘത്തിന്റെ കാര്‍ പിന്നീട് കണ്ടെത്തി. കൊടകര ദേശീയപാതയില്‍ കഴിഞ്ഞ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ നാലേമുക്കാലിനായിരുന്നു കവര്‍ച്ച. മൂന്നു കാറുകളിലായി എത്തിയ സംഘം പണമടങ്ങിയ കാറും തട്ടിയെടുത്തു. പിന്നീട് ഈ കാര്‍ പടിഞ്ഞാറെകോട്ടയില്‍ നിന്ന് കണ്ടെടുത്തു.
യഥാര്‍ഥത്തില്‍ മൂന്നരക്കോടി കാറില്‍ നിന്ന് നഷ്ടപ്പെട്ടതായാണ് അഭ്യൂഹം. പക്ഷേ ഇരുപത്തിയഞ്ചു ലക്ഷം തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. പത്തു പേരാണ് കൃത്യത്തില്‍ പങ്കെടുത്തവര്‍. പ്രതികളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും അനുഭാവികളുണ്ട്.