തിരുവനന്തപുരം : സാധാരണക്കാർക്ക് പുരപ്പുറത്ത് സൗരവൈദ്യുതി ഉത്പാദിപ്പിക്കാൻ കൂടുതൽ ആകർഷകമായ പദ്ധതിയുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന എന്ന പദ്ധതിയിൽ കേരളത്തിലും അപേക്ഷിക്കാം. ഈ മാസം പദ്ധതിക്ക് ഔദ്യോഗിക തുടക്കമാവും. വീടുകളിലാണ് ഇവ സ്ഥാപിക്കാവുന്നത്. ഇടത്തരം വൈദ്യുതി ആവശ്യമുള്ള കുടുംബങ്ങൾക്ക് കൂടുതൽ സബ്‌സിഡി ലഭിക്കും എന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത. ഒരു കിലോവാട്ട് ശേഷിയുള്ള നിലയത്തിന് 30,000 രൂപയാണ് സബ്‌സിഡി. രണ്ടു കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് 78,000 രൂപയും ലഭിക്കും. മൂന്ന് കിലോവാട്ടിൽ കൂടിയാലും പരമാവധി സബ്‌സിഡി 78,000 രൂപയാണ്.
നിലവിൽ കേന്ദ്രസർക്കാർ സബ്‌സിഡിയോടെ കേരളത്തിൽ നടപ്പാക്കുന്ന സൗര പുരപ്പുറ സൗരോർജ പദ്ധതിയിൽ കിലോവാട്ടിന് 18,000 രൂപയാണ് സബ്‌സിഡി. രണ്ടു കിലോവാട്ടിന് 29,000 രൂപയും മൂന്ന് കിലോവാട്ടിന് 43,000 രൂപയുമാണ് കിട്ടുന്നത്. നിലവിലെ പദ്ധതി മാർച്ച് 15വരെ തുടരും.