പപത്തനംതിട്ട : പൊതുശ്മശാനം ഇല്ലാതിരുന്നതിനാല്‍ ചങ്ങനാശേരിയില്‍ എത്തിച്ചു മൃതദേഹം സംസ്‌കരിക്കേണ്ടി വന്ന സംഭവം കുപ്രസിദ്ധ് പന്തളത്തിന് സ്വന്തം. ചേരിക്കലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മൃതദേഹമാണു ചങ്ങനാശേരിയില്‍ സംസ്‌കരിച്ചത്. 2020ല്‍ കോവിഡ് രൂക്ഷമായിരുന്ന സമയത്ത് മരിച്ച ചേരിക്കല്‍ സ്വദേശിനിയായ യുവതിയുടെ സംസ്‌കാരം നടത്തിയത് പുനലൂരിലെ പൊതുശ്മശാനത്തിലായിരുന്നു. ജില്ലയില്‍ മിക്ക പഞ്ചായത്തുകളും പൊതുശ്മശാന പദ്ധതികള്‍ ബജറ്റുകളില്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും പദ്ധതി നടപ്പായത് വിരലിലെണ്ണാവുന്ന ഇടങ്ങളിലാണ്. പൊതുശ്മശാനങ്ങളുടെ കാര്യത്തില്‍ ജില്ല വലിയൊരു വട്ടപ്പൂജ്യമാണ്.സ്വന്തമായി ഭൂമിയില്ലാത്താവര്‍ മരിച്ചാല്‍ അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനം അന്വേഷിച്ചു നടക്കേണ്ട ഗതികേടാണു ബന്ധുക്കള്‍ക്കുള്ളത്.
പഞ്ചായത്തായിരുന്ന കാലം മുതല്‍ പന്തളത്തെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ ശ്മശാനത്തിന് ഇടമുണ്ടെങ്കിലും നഗരസഭയായി ഉയര്‍ന്നിട്ടും ശ്മശാനം യാഥാര്‍ഥ്യമായിട്ടില്ല. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം നഗരസഭ വീണ്ടെടുത്ത 90 സെന്റ് സ്ഥലത്തിന്റെ ഒരു ഭാഗം വാതകശ്മശാനത്തിനായി ഉപയോഗിക്കുമെന്നാണ് നഗരസഭാധ്യക്ഷ സുശീല സന്തോഷ് പറയുന്നത്. ഇതിനായി ബജറ്റില്‍ 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കോളനികള്‍ ഉള്‍പ്പടെയുള്ള നഗരസഭയിലെ ചില വാര്‍ഡുകളില്‍ മൃതദേഹം സംസ്‌കരിക്കാനിടമില്ലാത്ത സ്ഥിതി ഇപ്പോഴുമുണ്ട്.
കുളനടയില്‍ ശ്മശാനത്തിനായി കടലിക്കുന്നില്‍ സ്ഥലം വാങ്ങിയത് 1981-82 കാലയളവിലാണ്. 27 സെന്റ് സ്ഥലം ശുചിത്വമിഷന്റെ ഫണ്ട് ഉപയോഗിച്ചാണ് വാങ്ങിയത്. 2017-18 കാലയളവില്‍ 5 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് അതിരും സ്ഥാപിച്ചു. എന്നാല്‍, തുടര്‍ പ്രവര്‍ത്തനങ്ങളുണ്ടായില്ല. കടലിക്കുന്നില്‍ തട്ടുകളായി കിടക്കുന്ന സ്ഥലമാണിത്. ഇവിടെ ശ്മശാനം സ്ഥാപിക്കുന്നത് അസൗകര്യമാണെന്നും ഉള്ളന്നൂരില്‍ മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും ആവശ്യമുയര്‍ന്നിരുന്നു. തുമ്പമണ്ണില്‍ മുഴുക്കോട്ട് ചിറയ്ക്ക് സമീപമായി പൊതുശ്മശാനമുണ്ട്. 30 സെന്റ് സ്ഥലത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. 5 വര്‍ഷം മുന്‍പ് ഇതിനു സംരക്ഷണ ഭിത്തി നിര്‍മിച്ചിരുന്നു.
പന്തളത്തു മാത്രമല്ല കോന്നി, അരുവാപ്പുലം, പ്രമാടം പഞ്ചായത്തുകളിലും പൊതുശ്മശാനമില്ല. കാലാകാലങ്ങളില്‍ പഞ്ചായത്ത്, പദ്ധതിക്കായി ബജറ്റില്‍ തുക ഉള്‍പ്പെടുത്തുമെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാല്‍ നടപ്പായിട്ടില്ല. ജനങ്ങളുടെ എതിര്‍പ്പും പ്രശ്‌നമായിട്ടുണ്ട്. ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഭരണസമിതികളെ പിന്തുടരുന്നു. കോന്നി നിവാസികള്‍ പത്തനംതിട്ട, തിരുവല്ല നഗരസഭകളുടെ പൊതുശ്മശാനമാണ് പലപ്പോഴും ഉപയോഗിക്കുന്നത്. എന്നാല്‍ തിരുവല്ല നഗരസഭയിലെ വാതക ശ്മശാനം 7 മാസമായി പ്രവര്‍ത്തനരഹിതമാണ്. ഇതിന്റെ കൂറ്റന്‍ കുഴല്‍ മാര്‍ച്ച് 10നു തകര്‍ന്നുവീഴുകയും ചെയ്തു. നഗരസഭ 25 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന് ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ച് 2 മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
അടൂര്‍ നഗരസഭയിലും പൊതുശ്മശാനമില്ല. നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ നാല്‍പതിനായിരംപടിക്കു സമീപത്തായി പൊതുശ്മശാനം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 4.80 കോടി രൂപ മുടക്കി ആധുനിക രീതിയിലുള്ള ശ്മശാനമാണ് ഇവിടെ നിര്‍മിക്കുക. ഏറത്ത്, ഏഴംകുളം, പള്ളിക്കല്‍, കടമ്പനാട്, ഏനാദിമംഗലം, കലഞ്ഞൂര്‍, കൊടുമണ്‍ പഞ്ചായത്തുകള്‍ക്കായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏറത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ വട്ടമലപ്പടി ഭാഗത്ത് വാതകശ്മശാനം നിര്‍മിച്ചെങ്കിലും വേണ്ട അനുമതികള്‍ ലഭിക്കാന്‍ വൈകിയതു മൂലം പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. സ്ഥലം കിട്ടാത്തതിനാല്‍ കോഴഞ്ചേരി, മല്ലപ്പുഴശേരി പഞ്ചായത്തുകളില്‍ പൊതുശ്മശാനം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ പറയുന്നു. തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ ശ്മശാനത്തിനായി 22 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കോയിപ്രത്തു പൊതുശ്മശാനമുണ്ടെങ്കിലും ആറന്മുളയില്‍ ഇല്ല.
മല്ലപ്പള്ളി പഞ്ചായത്തില്‍ വെങ്ങലശേരി പള്ളിക്കു സമീപം മണിമലയാറിന്റെ തീരത്ത് അരയേക്കറോളം വിസ്തൃതിയുള്ള പൊതു ശ്മശാനമുണ്ട്. ഗ്യാസ് ക്രിമറ്റോറിയം നിര്‍മിക്കുന്നതിന് ഇത്തവണത്തെ പഞ്ചായത്ത് ബജറ്റില്‍ 10 ലക്ഷം രൂപ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്ലൂപ്പാറ പഞ്ചായത്തില്‍ തുരുത്തിക്കാട് കോഴിയാമട എന്ന സ്ഥലത്താണ് പൊതുശ്മശാനം. 1997ല്‍ 24.5 സെന്റ് സ്ഥലം വില നല്‍കി വാങ്ങിയിടത്താണിത്. ലോക ബാങ്കിന്റെ സഹായത്താല്‍ 2016-17 ല്‍ 21 ലക്ഷം മുടക്കി 4 സെല്ലുകള്‍ നിര്‍മിച്ചിട്ടുണ്ട്.
മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് 202223 വര്‍ഷത്തെ പഞ്ചായത്ത് പദ്ധതിയില്‍ 7 ലക്ഷം രൂപ ഉള്‍പ്പെടുത്തിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. പുറമറ്റം പഞ്ചായത്തിലെ പൊതുശ്മശാനം വെണ്ണിക്കുളം കൊച്ചെഴുത്തുംമലയില്‍ 60 സെന്റ് സ്ഥലത്താണ്. പഞ്ചായത്ത് പദ്ധതിയില്‍ 4 ലക്ഷം ഉള്‍ക്കൊള്ളിച്ച് പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തുന്നുണ്ട്. ആനിക്കാട് പഞ്ചായത്തിലെ വള്ളിയാകുളത്താണ് പൊതുശ്മശാനം. മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള സംവിധാനര്‍മേര്‍പ്പെടുത്തുന്നതിന് 12 ലക്ഷം രൂപ ഈ വര്‍ഷത്തെ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.
പത്തനംതിട്ട നഗരസഭയില്‍ ഗ്യാസ് ക്രിമറ്റോറിയം പ്രവര്‍ത്തിക്കുന്നുണ്ട്. സമീപ പഞ്ചായത്തുകളില്‍ നിന്നുള്ള മൃതദേഹങ്ങളും ഇവിടെ സംസ്‌കരിക്കുന്നുണ്ട്. മൈലപ്ര, ഇലന്തൂര്‍, ചെന്നീര്‍ക്കര പഞ്ചായത്തുകളില്‍ പൊതുശ്മശാനത്തിനുള്ള ഒരു നീക്കവും ഇതുവരെ നടന്നിട്ടില്ല. വള്ളിക്കോട് പഞ്ചായത്ത് 11-ാം വാര്‍ഡിലെ മൂന്നാം കലുങ്ക് ഭാഗത്തുള്ള റവന്യു പുറമ്പോക്ക് ഭൂമി അളന്നു തിരിച്ച് നല്‍കണമെന്നു പഞ്ചായത്ത് കലക്ടര്‍ക്ക് കത്തു നല്‍കി. ഇവിടെ 1.40 ഏക്കര്‍ ഭൂമിയുണ്ട്. മലയാലപ്പുഴ പഞ്ചായത്ത് പൊതുശ്മശാനം സ്ഥാപിക്കാന്‍ വേണ്ടി 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വള്ളിയാനിയില്‍ 50 സെന്റ് സ്ഥലം വാങ്ങിയെങ്കിലും എത്തിച്ചേരാന്‍ വഴിയില്ലാത്തതാണു പ്രശ്‌നം. ഓമല്ലൂര്‍ പഞ്ചായത്തിലെ പറയനാലിയിലും ശ്മശാനത്തിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പു സ്ഥലം വാങ്ങിയെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല.
































