പത്തനംതിട്ട : ദേശീയ പള്‍സ് പോളിയോ ദിനമായ ജനുവരി 19 ന് പത്തനംതിട്ട ജില്ലയിലെ അഞ്ച് വയസുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും പോളിയോ തുളളിമരുന്ന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. ജില്ലയിലെ അഞ്ച് വയസില്‍ താഴെയുളള 71622 കുട്ടികള്‍ക്കാണ് പോളിയോ വാക്സിന്‍ നല്‍കുന്നത്. ഇതില്‍ 470 പേര്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടികളാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇതിനായി 973 പോളിയോ ബൂത്തുകള്‍ സജ്ജീകരിക്കും. ഗവണ്‍മെന്റ് ആശുപത്രികള്‍, സബ് സെന്ററുകള്‍, തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, തിരഞ്ഞെടുത്ത സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 19ന് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ട്രൈബല്‍ മേഖലകള്‍, ദുര്‍ഘട പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് മൊബൈല്‍ ബൂത്തുകളും സജ്ജമാക്കും. ജില്ലയിലെ പോളിയോ ദിനാചരണ പരിപാടികള്‍ വിജയകരമാക്കുന്നതിനായി എഡിഎം അലക്‌സ് പി തോമസിന്റെ അധ്യക്ഷതയില്‍ ടാക്‌സ്‌ഫോഴ്‌സ് യോഗം ചേര്‍ന്നു.