ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണ ഘടന വായിച്ചിട്ടില്ലെന്ന് തനിക്ക് ഉറപ്പ് പറയാനാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയെ ഇല്ലാതാക്കാനാണ് ബിജെപിയും ആർഎസ്എസും 24 മണിക്കൂറും ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാമർശം. യോഗി ആദിത്യനാഥും ഇന്ന് മഹാരാഷ്ട്രയിൽ പ്രചാരണത്തിനെത്തി. ബിജെപി സഖ്യം അധികാരത്തിലെത്തിയില്ലെങ്കിൽ മഹാരാഷ്ട്ര ലവ് ജിഹാദിന്റെയും ലാന്ർറ് ജിഹാദിന്റെയും നാടാവുമെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദുക്കൾ ഒന്നിച്ച് നിന്നില്ലെങ്കിൽ ഗണേശോത്സവം ആക്രമിക്കപ്പെടുമെന്ന വർഗീയ പരാമർശവും യോഗി ഇന്ന് നടത്തി.
കോൺഗ്രസ് അധ്യക്ഷ മല്ലികാർജുൻ ഖർഗെ മുസ്ലീം പ്രീണനമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ ബിജെപി തങ്ങളുടെ കോടീശ്വരരായ സുഹൃത്തുക്കള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പണം ഇന്ത്യ മുന്നണി രാജ്യത്തെ സ്‌ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും യുവാക്കള്‍ക്കും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സംസ്ഥാനത്തെ വനിതകള്‍ക്ക് നല്‍കുന്ന ഓണറേറിയം വര്‍ധിപ്പിക്കാൻ തീരുമാനിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പിനായി ജാര്‍ഖണ്ഡിലെ വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കവെയാണ് നിര്‍ണായക നീക്കം. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നാളെയാണ് നടക്കുന്നത്. നവംബര്‍ 20നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താനാണ് കോൺഗ്രസ്-ജാർഖണ്ഡ് മുക്തി മോർച്ച സഖ്യത്തിന്‍റെ ശ്രമം. ഭരണ സഖ്യത്തെ താഴെയിറക്കാനാണ് ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎ ശ്രമിക്കുന്നത്. നവംബര്‍ 23നാണ് സംസ്ഥാനത്ത് ഫലപ്രഖ്യാപനം.