തിരുവനന്തപുരം : മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായതിനു പിന്നാലെ മുൻ ജില്ലാ ഓഫീസർ ജോസ് മോന്റെ വീട്ടിലും വിജിലൻസ് റെയ്ഡ്. കൊല്ലം എഴുകോണ്‍ ചീരങ്കാവിലെ വീട്ടിലാണ് റെയ്ഡ്. കണക്കിൽപ്പെടാത്ത നിക്ഷേപത്തിന്റെ രേഖകൾ പിടിച്ചു. ബുധനാഴ്ച കോട്ടയം ജില്ലാ ഓഫീസർ എ.എം. ഹാരീസ് അറസ്റ്റിലായിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ്മോന്റെ വീട്ടിലെ റെയ്ഡ്.
തിരുവനന്തപുരം ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥനാണ് ജോസ് മോൻ. മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ എൻവയൺമെന്റൽ എഞ്ചിനിയറായിരുന്ന എ.എം. ഹാരീസിന്റെ ഫ്ളാറ്റിൽ നിന്നും 17 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വിജിലൻസ് നടത്തിയ പരിശോധനയിൽ പ്രഷർകുക്കറിലും അരിക്കലത്തിലും അടുക്കളയിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം.
ബുധനാഴ്ചയാണ് ഹാരീസിനെ വിജിലൻസ് അറസ്റ്റ് ചെയ്ത്. ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഇതേ കേസിൽ കൈക്കൂലി ചോദിച്ച മുന്‍ ജില്ലാ ഓഫീസര്‍ ജോസ് മോന് കേസില്‍ രണ്ടാം പ്രതിയാണ്. എൺപത് ലക്ഷം രൂപ വിലവരുന്നതാണ് ഇയാളുടെ ഫ്ളാറ്റ്. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ പതിനെട്ടു ലക്ഷം രൂപയുണ്ട്.
തിരുവനന്തപുരത്ത് 2,000 ചതുരശ്ര അടിയുള്ള വീടുണ്ട്. പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ടെന്നും വിജിലൻസ് കണ്ടെത്തി. പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പോയി ആത്മഹത്യ ചെയ്യാന്‍ ഹാരിസ് പറഞ്ഞതായും പരാതിക്കാരൻ ജോസ് സെബാസ്റ്റ്യന്‍ വ്യക്തമാക്കി. ഇതോടെയാണ് ഇയാൾ വിജിലൻസിനെ സമീപിച്ചത്.































