ന്യൂഡല്‍ഹി : സമാജ്‍വാദി പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലുള്‍പ്പെടെ 41 പേര്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ പി.ചിദംബരം, രാജീവ് ശുക്ല, ബി.ജെ.പിയുടെ സുമിത്ര വാത്മീകി, കവിത പാഠീദാര്‍, ആര്‍.ജെ.ഡിയുടെ മിസ ഭാരതി, ആര്‍.എല്‍.ഡിയുടെ ജയന്ത് ചൗധരി എന്നിവരടക്കം 41 പേരാണ് രാജ്യസഭാ എം.പി സ്ഥാനം ഉറപ്പാക്കിയത്. അതില്‍ 11 പേര്‍ യു.പിയില്‍ നിന്നും ആറുപേര്‍ തമിഴ്നാട്ടില്‍ നിന്നും അഞ്ച് പേര്‍ ബിഹാറില്‍ നിന്നും ആന്ധ്രയില്‍ നിന്ന് നാലും മധ്യപ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന്പേര്‍ വീതവും ഛത്തീസ്ഗഡ്, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില നിന്ന് രണ്ടുപേര്‍ വീതവും ഉത്തരാഖണ്ഡില്‍ നിന്ന് ഒരാളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
41 പേരില്‍ 14 പേര്‍ ബി.ജെ.പി എം.പിമാരാണ്. കോണ്‍ഗ്രസില്‍ നിന്നും വൈ.എസ്.ആര്‍ കോണ്‍ഗ്രസില്‍ നിന്നും നാലുപേരും ഡി.എം.കെ, ബി.ജെ.ഡി പാര്‍ട്ടികളില്‍ നിന്ന് മൂന്ന് പേര്‍ വീതവും എ.എ.പി, ആര്‍.ജെ.ഡി, ടി.ആര്‍.എസ്, എ.ഐ.എ.ഡി.എം.കെ എന്നിവയില്‍ നിന്ന് രണ്ടുപേര്‍ വീതവും ജെ.എം.എം, ജെ.ഡി.യു, എസ്.പി, ആര്‍.എല്‍.ഡി എന്നീ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികളും കൂടാതെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി കപില്‍ സിബലുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പ് ജൂണ്‍ 10നാണ് നടക്കുക. 57 രാജ്യ സഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. 41 സീറ്റുകളില്‍ വിജയം പ്രഖ്യാപിക്കപ്പെട്ടതോടെ ഇനി 16 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. അതില്‍ ആറ് സീറ്റുകള്‍ മഹാരാഷ്ട്രയില്‍ നിന്നും നാല് വീതം രാജസ്ഥാനിലും കര്‍ണാടകയിലും രണ്ടെണ്ണം ഹരിയാനയിലുമാണ്.