റാന്നി : സംസ്ഥാന പാതയിൽ റാന്നി ടൗൺ കേന്ദ്രീകരിച്ച് അനധികൃത വാഹന പാര്‍ക്കിംഗ് പെരുകിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം. മാമുക്ക് ജംഗ്ഷന്‍, ഇട്ടിയപ്പാറ ബൈപ്പാസ് ജംഗ്ഷന്‍, ബ്ലോക്കുപടി വരെയുള്ള പ്രദേശങ്ങളിലാണ് നിയമലംഘനം നിത്യസംഭവമായിരിക്കുന്നത്. അനധികൃത പാര്‍ക്കിംഗ് മൂലം പെരുമ്പുഴ മുതൽ ഇട്ടിയപ്പാറ വരെയുള്ള ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ദിവസേന അനുഭവപ്പെടുന്നത്. മാമുക്ക് ജംഗ്ഷനില്‍ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ ഉപയോഗിക്കുന്ന സീബ്രാ ലൈനുകൾ കൈയ്യേറിയാണ് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സമീപത്തെ വ്യാപാരസ്ഥാപന ഉടമകൾ നടപ്പാതകളിൽ വാഹനങ്ങൾ സൂക്ഷിക്കുന്നതും യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു.
നോ പാർക്കിംഗ് മുന്നറിയിപ്പ് ബോർഡുകൾക്ക് മുന്നിൽത്തന്നെയാണ് വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെടുന്നത്. പല ദിവസങ്ങളിലും ആംബുലൻസുകൾ വരെ മിനിറ്റുകളോളം ഈ കുരുക്കിൽപ്പെടുന്നത് പതിവായിട്ടുണ്ട്. മാമുക്കിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ എത്തുന്നവരുടെ വാഹനങ്ങളും ബൈപ്പാസ് ജംഗ്ഷനിലെ കടകളിൽ എത്തുന്നവരുടെ വാഹനങ്ങളും റോഡിൽത്തന്നെ നിർത്തിയിടുന്നത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു. റോഡിന്റെ ഇരുവശത്തുനിന്നും വലിയ വാഹനങ്ങൾ വരുമ്പോൾ ഇരുചക്രവാഹനത്തിന് പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.
മാമുക്ക് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞുപോകേണ്ട വലിയ വാഹനങ്ങൾക്ക് ഈ പാര്‍ക്കിംഗ് മൂലം കൃത്യമായി തിരിയാൻ സാധിക്കാത്തതാണ് കുരുക്കിന് പ്രധാന കാരണമാകുന്നത്. പ്രശ്നം രൂക്ഷമായിട്ടും നടപടിയെടുക്കേണ്ട മോട്ടോർ വാഹന വകുപ്പും പോലീസും തികഞ്ഞ നിഷ്ക്രിയത്വത്തിലാണെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു. നിശ്ചിത സമയങ്ങളിൽ പരിശോധന നടത്താനും റോഡിലെ അനധികൃത പാര്‍ക്കിംഗ് പൂർണ്ണമായും ഒഴിവാക്കാനും അടിയന്തിര നടപടി വേണമെന്നാണ് ജനങ്ങളുടെയും യാത്രക്കാരുടെയും ആവശ്യം
































