കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒഡിഷ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ഗഞ്ചാം ജില്ല സ്വദേശി സിബദാസിനെയാണ് (22) സി.ഐ കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ കഴിഞ്ഞ സെപ്റ്റംബറിലാണ് കാണാതായത്. തുടര്‍ന്ന് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടയിലാണ് ഒഡിഷ സ്വദേശിയോടൊപ്പം ആന്ധ്രയിലേക്ക് പോയതായ വിവരമറിയുന്നത്. പിന്നീട് ആന്ധ്രയിലും ഒഡിഷയിലും പോയി അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയില്‍ പെണ്‍കുട്ടി നാട്ടില്‍ തിരിച്ചെത്തിയെന്ന വിവരം ലഭിക്കുകയും തുടര്‍ന്ന് അമ്മയോടൊപ്പം സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്തു.
വിശദമായി മൊഴി രേഖപ്പെടുത്തിയതില്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി വിജയവാഡയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നും പ്രതി സ്ഥലത്തെത്തിയിട്ടുണ്ടെന്നും അറിഞ്ഞതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.