മലപ്പുറം : കല്‍പകഞ്ചേരി സ്വദേശിയായ 68കാരനെ ഹണിട്രാപ്പില്‍ കുരുക്കി 23 ലക്ഷം കവര്‍ന്ന കേസില്‍ വ്‌ളോഗ്ഗറും ഭര്‍ത്താവും അറസ്റ്റില്‍. താനൂര്‍ സ്വദേശി റാഷിദ(30), ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദുമാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ച യുവതി ആലുവയിലെ ഫ്‌ളാറ്റിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹായത്തോടെ ഇയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാനായി 23 ലക്ഷം രൂപ വാങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണയായാണ് പണം തട്ടിയെടുത്തത്. എന്നാല്‍ പണം നല്‍കിയിട്ടും ബ്ലാക്ക് മെയിലിങ് തുടര്‍ന്നതോടെ 68കാരന്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ട്രാവല്‍ വ്‌ളോഗ്ഗറെന്ന് പരിചയപ്പെടുത്തിയാരുന്നു റാഷിദ വ്യാപാരിയായ പരാതിക്കാരനുമായി സംസാരിച്ചിരുന്നത്. ബന്ധം ശക്തിപ്പെടുത്താനായി ഇയാളെ വീട്ടിലേക്കും ക്ഷണിച്ചിരുന്നു.
ഭര്‍ത്താവ് ബന്ധം അറിഞ്ഞാലും പ്രശ്‌നമില്ലെന്നും എല്ലാ കാര്യത്തിലും സമ്മതമാണെന്നും റാഷിദ വ്യാപാരിയെ അറിയിച്ചിരുന്നു. ഇയാള്‍ക്ക് പൂര്‍ണമായും ദമ്പതികളെ വിശ്വാസമായ ഘട്ടത്തിലായിരുന്നു ആലുവയിലെത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കടം വാങ്ങി ഉള്‍പ്പെടെ ദമ്പതികള്‍ക്ക് പണം നല്‍കേണ്ടി വന്നതോടെയാണ് വ്യാപാരിയുടെ കുടുംബം സംഭവം അറിയുന്നത്. തുടര്‍ന്നാണ് പ്രതികളെ ഇവരുടെ വാടക വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. ഇരുവര്‍ക്കും ഇരട്ടക്കുഞ്ഞുങ്ങളുണ്ട്. അതിനാല്‍ റാഷിദക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഭര്‍ത്താവ് ജയിലിലാണ്.
യൂട്യൂബ് വ്‌ളോഗ്ഗര്‍മാരായ ദമ്പതികള്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ യാത്രാ വിശേഷങ്ങള്‍ ഉള്‍പ്പടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. നേരത്തെ ഫീനിക്‌സ് കപ്പിള്‍ എന്നറിയപ്പെടുന്ന ദമ്പതികളും ഹണിട്രാപ്പ് കേസില്‍പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലേറെ ഫോളോവേഴ്സുള്ള കൊല്ലം സ്വദേശിനി ദേവുവും ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപുമാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ്, കോട്ടയം പാല സ്വദേശി ശരത് എന്നിവരും പിടിയിലായിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.