ചിറ്റാര്‍ : കട്ടച്ചിറ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ തോട്ടുപുറം വീട്ടില്‍ കുട്ടിയമ്മ (80) യെ കാണാതായ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളും സമീപവാസികളും. വൃദ്ധയെ കാണാതെയിട്ട് എട്ടുദിവസങ്ങള്‍ പിന്നിട്ടിലും സംഭവത്തില്‍ യാതൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസും വനപാലകരും ഉള്‍പ്പെടുന്ന തെരച്ചില്‍ സംഘം ഇടുക്കി കെ – 9 ഡോഗ് സ്ക്വാഡിലെ കടാവര്‍ നായ എയ്ഞ്ചലിനെ എത്തിച്ചാണ് കഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തിയത്. എയ്ഞ്ചല്‍ വനത്തിനുള്ളില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും തെളിവുകള്‍ ലഭിക്കാതെ വന്നതോടെ ഡോഗ് സ്ക്വാഡിന് തിരികെ മടങ്ങേണ്ടിവന്നു.
കുട്ടിയമ്മയുടെ തിരോധാനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. കഴിഞ്ഞ ബുധനാഴ്ച പകലാണ് കുട്ടിയമ്മയെ കാണാതാവുന്നത്. സാധാരണയായി വനത്തില്‍ വിറക് ശേഖരിക്കാന്‍ പോവാറുള്ള കുട്ടിയമ്മ ഉച്ചയോടെ തിരികെ എത്താറാണ് പതിവ്. എന്നാല്‍ അന്നേ ദിവസം കുട്ടിയമ്മ തിരികെ വന്നില്ല. തുടര്‍ന്നാണ് ബന്ധുകളുടെ പരാതിയില്‍ പോലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചത്. എന്നാല്‍ സംഭവത്തില്‍ യാതൊരു തെളിവുകളും ലഭിക്കാതെ വന്നതോടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.




























