റാന്നി : വലിയകലുങ്ക് കാളത്തോട്ടിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ജലത്തില്‍ വലിയ തോതില്‍ മാലിന്യം കലര്‍ന്നതായി കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് തോട്ടിലെ വെള്ളം മാലിന്യം നിറഞ്ഞ നിലയില്‍ കണ്ടെത്തിയത്. റാന്നിയിലെ പ്രധാന നദിയിൽ നിന്ന് ശേഖരിച്ച് കേരള വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ ലാബിൽ നടത്തിയ പരിശോധനയിലാണ് ജലത്തിന്റെ ഗുണനിലവാരത്തിൽ ആശങ്കാജനകമായ വ്യതിയാനങ്ങൾ വ്യക്തമായത്. ലാബ് റിപ്പോർട്ട് പ്രകാരം ജലത്തിന്റെ കലങ്ങിയ സ്വഭാവം അനുവദനീയമായ 1 എന്‍.ടി.യു എന്ന പരിധിയുടെ സ്ഥാനത്ത് 92.4 ആണ്. ജലത്തിന്റെ നിറം അനുവദനീയമായ 5 എച്ച്.യുവിന് പകരം 100-ന് മുകളിലാണ്. പി.എച്ച് മൂല്യം 5.62 ആയി കുറഞ്ഞ് അസിഡിക് സ്വഭാവം കൈവരിക്കുകയും വെള്ളത്തിന് അസ്വീകാര്യമായ രുചി അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്.
തോട്ടിലെ വെള്ളം ഒഴുകിയെത്തുന്ന ഭാഗത്തിന് തൊട്ടുതാഴെയാണ് ലക്ഷക്കണക്കിന് ആളുകൾക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന കിണർ സ്ഥിതി ചെയ്യുന്നത്. തോട്ടിലെ മലിനമായ വെള്ളം നദിയിലെ ഈ കിണറിലേക്ക് നേരിട്ട് കലരുന്നുണ്ടെന്ന് പ്രദേശവാസികൾ ഉറപ്പിച്ചുപറയുന്നു. ഈ കിണറിലെ വെള്ളമാണ് ശുദ്ധീകരണ സംവിധാനങ്ങൾ കൃത്യമായി പാലിക്കാതെ വിതരണം ചെയ്യുന്നതെന്ന ആശങ്ക ശക്തമാണ്. മലിനമായ തോട്ടിലെ വെള്ളം കിണറിലേക്ക് എത്തുന്നുണ്ടോ എന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ടോയെന്നും ചോദ്യമുയരുന്നു. കിണറ്റിലെ വെള്ളത്തിന്റെ ഗുണനിലവാരം പ്രത്യേകമായി പരിശോധിച്ചിട്ടില്ല.
ഇ-കോളി, ടോട്ടൽ കോളിഫോം തുടങ്ങിയ രോഗാണുക്കളുടെ സാന്നിധ്യം അറിയാനുള്ള പരിശോധനകൾ നടന്നിട്ടുണ്ടോയെന്നും കണ്ടെത്തണം. രാസമാലിന്യങ്ങളുടെ അളവ് തിട്ടപ്പെടുത്താൻ ഹെവി മെറ്റൽസ് പരിശോധനകൾ നടത്തണം. മലിനീകരണത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ മലിനീകരണ നിയന്ത്രണ ബോർഡ് നടപടി എടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. പ്രദേശത്തെ പഞ്ചായത്ത് ഭരണസമിതിക്കും ആരോഗ്യ വകുപ്പിനും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അഞ്ച് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സിൽ ഗുരുതരമായ തോതിൽ മലിനീകരണം കണ്ടെത്തിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയാകുന്ന ഈ വിഷയം ഒരു സാധാരണ പരാതിയായി തള്ളിക്കളയാതെ അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കണമെന്ന് അധികൃതരോട് പ്രദേശവാസികൾ അഭ്യർത്ഥിച്ചു.






























