Skip to content

റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

കോഴിക്കോട്: റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിക്കൽ പതിവായതോടെ ഒടുവിൽ പട്ടിപിടിത്തക്കാരെയുമായെത്തി റോഡ് വീതികൂട്ടാനായി സ്ഥലമേറ്റെടുത്തു. കോഴിക്കോട് മലാപ്പറമ്പ് -വെള്ളിമാടുകുന്ന് റോഡിൽ പാറോപ്പടിയിലാണ് സംഭവം. റോഡ് നാലുവരിപ്പാതയാക്കാനുള്ള പ്രവൃത്തി അടുത്ത ദിവസം തുടങ്ങാനിരിക്കുകയാണെങ്കിലും പാറോപ്പടി പള്ളിക്കു സമീപമുള്ള 6.5 സെന്റ് ഭൂമി മാത്രമാണ് അവിടെ താമസിക്കുന്ന മൂന്ന് സ്ത്രീകളുടെ കാലങ്ങളായുള്ള എതിർപ്പു കാരണം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ കഴിയാതിരുന്നത്. നായ്ക്കളെവിട്ട് പേടിപ്പിക്കുന്നതിനാൽ നോട്ടീസ് പോലും പതിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് എല്ലാ സന്നാഹങ്ങളുമായാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഉദ്യോഗസ്ഥരെത്തിയത്. കളക്ടറുടെ ഉത്തരവു പ്രകാരം കോഴിക്കോട് തഹസിൽദാരെ എക്സിക്യുട്ടീവ് മജിസ്േട്രറ്റായി സ്ഥലത്ത് നിയോഗിക്കുകയുംചെയ്തു. പോലീസിനു പുറമെ വനിതാ ശിശു സംരക്ഷണ ഉദ്യോഗസ്ഥരെയും സ്ഥലത്തെത്തിച്ചു.

നഗരപാത പദ്ധതിയുടെ സ്പെഷ്യൽ തഹസിൽദാർ വി. ദിലീപിന്റെ നേതൃത്വത്തിൽ റവന്യൂ -പൊതുമരാമത്ത് സംഘം എത്തിയപ്പോൾ സ്ത്രീകൾ കല്ലെറിയുകയും അസഭ്യം പറയുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ അവർ ചെറുത്തുനിന്നു. തുടർന്ന് പോലീസിന്റെ സംരക്ഷണത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഏറ്റെടുക്കൽ നടപടി തുടങ്ങുകയായിരുന്നു. വീട്ടിൽ നിറയെ തെരുവു നായ്ക്കളുണ്ടായിരുന്നെങ്കിലും പട്ടിപിടിത്തക്കാരെ കണ്ടതോടെ അവയെ വീടിന്റെ ഉള്ളിലേക്ക് തന്നെ മാറ്റി. ഭൂമിയുടെ രേഖകൾ ഇതുവരെ നൽകാൻ തയ്യാറാവാത്തതിനാൽ ഇവരുടെ പേരിൽ 92 ലക്ഷം രൂപ കോടതിയിൽ കെട്ടിവെച്ചിട്ടുണ്ട്. ഭൂമി ഇവരുടെതാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ നഷ്ടപരിഹാരത്തുക ലഭിക്കും. പക്ഷേ, റോഡിന്റെ അലൈൻമെന്റ് തങ്ങളുടെ ഭൂമിയിലൂടെയല്ല പോവുന്നത് പിന്നെ എന്തിന് നഷ്ടപരിഹാരത്തുക വാങ്ങണം എന്ന നിലപാടാണ് സ്ത്രീകളുടേത്. ഭൂമിവിട്ടുകൊടുത്ത് ഒപ്പി‌ട്ടാൽ സർക്കാരിന്റെതായി മാറും. അതിന് തങ്ങൾ തയ്യാറല്ലെന്ന് ചൊവ്വാഴ്ചയും എല്ലാവരോടും പറഞ്ഞു.

പാറോപ്പടിയിൽ കാടുമൂടിക്കിടക്കുന്ന സഥലത്ത് ഒറ്റമുറിവീട്ടിലാണ് സ്ത്രീകൾ താമസിക്കുന്നത്. വീട്ടിൽ നിറയെ തെരുവു പട്ടികളായതിനാൽ ഭയന്ന് ആരും ഇവിടേക്ക് അടുക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. എല്ലാവരെയും പട്ടിയെ തുറന്നുവിട്ട് ഓടിക്കുകയാണ്‌ പതിവെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് കോർപ്പറേഷൻ പലതവണ ഇവിടെനിന്ന് പട്ടികളെ പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. കോർപ്പറേഷൻ കൗൺസിലർ സരിത പറയേരി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സംസാരിച്ചെങ്കിലും അനുനയനത്തിന് തയ്യാറാവാതെ അവരോടും ഇറങ്ങിപ്പോവാനാണ് ആവശ്യപ്പെട്ടത്. പട്ടിപിടിത്തക്കാരെയും അവിടെനിന്ന് പിടിച്ചു പുറത്താക്കി. വൈകുന്നേരംവരെ ചെറുത്തുനിൽപ്പ് തുടർന്നെങ്കിലും അഞ്ചു മണിയോടെ മരങ്ങൾ എല്ലാം മുറിച്ചുമാറ്റി നടപടികൾ പൂർത്തിയാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  3. പെൺകുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയെ മയക്കിക്കിടത്തിയശേഷം ; ഓച്ചിറ കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  4. വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക

  5. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും പങ്കെന്ന് പോലീസ്

Share on WhatsApp

Share this story

റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു pathanamthittamedia.com