Skip to content

Explainer

വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക

കൊച്ചി: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും(NBFC) സഹകരണ ബാങ്കുകളിലും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലും  ഒരിക്കലെങ്കിലും ഇടപാട് നടത്തിയിട്ടുള്ളവർ തങ്ങളുടെ സിബിൽ (CIBIL) റിപ്പോർട്ട് എത്രയും വേഗം പരിശോധിക്കുന്നത് ഉചിതമായിരിക്കും. സ്വർണം പണയം വെക്കാനും വിവിധ വായ്പകൾ എടുക്കാനും സുഹൃത്തുക്കളും ബന്ധുക്കളും എടുക്കുന്ന വായ്പകൾക്ക് ജാമ്യം നിൽക്കാനും സ്വകാര്യ ഫിനാൻസുകളെയും സഹകരണ ബാങ്കുകളെയും ആശ്രയിക്കാത്തവർ ചുരുക്കമാണ്. ഇവിടെ നൽകുന്ന നമ്മുടെ വ്യക്തിഗത വിവരങ്ങളും ആധാർ നമ്പറുകളും ഒപ്പുകളും വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നതായാണ് വിവരം. ഇതുപയോഗിച്ച് വ്യാജ വായ്പകളും വ്യാജ ജാമ്യവുമൊക്കെ നിങ്ങളുടെ പേരില്‍ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ അറിയാതെതന്നെ നിങ്ങള്‍ വലിയ കടക്കാരനായി മാറുകയാണ്. കൂടാതെ ഇത് നിങ്ങളുടെ സിബില്‍ സ്കോറിനെ സാരമായി ബാധിക്കുകയും ചെയ്യും. ഒരിടത്തുനിന്നും നിങ്ങള്‍ക്ക്  വായ്പ ലഭിക്കാത്ത അവസ്ഥയും ഉണ്ടാകും. ഒരു പുതിയ വായ്പക്ക് നിങ്ങള്‍ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തെ ആശ്രയിക്കുമ്പോള്‍ മാത്രമായിരിക്കും നിങ്ങള്‍ സിബില്‍ റിപ്പോര്‍ട്ട് എടുക്കുന്നതും ബാങ്ക് ഇത് പരിശോധിക്കുന്നതും. അപ്പോള്‍ മാത്രമായിരിക്കും ഈ ചതി നിങ്ങള്‍ തിരിച്ചറിയുക.

അടുത്തനാളില്‍  ശ്രീറാം ഫിനാൻസിൽ നിരവധി പേരുടെ പേരിൽ വ്യാജ വായ്പകൾ കണ്ടെത്തിയിരുന്നു. എന്നാല്‍ സോഫ്റ്റ്‌വെയര്‍ എറര്‍ എന്ന് പറഞ്ഞ് ഇത് വളരെ നിസ്സാരവല്‍ക്കരിക്കുകയും അവഗണിക്കുകയും ചെയ്തു. ഒരു മാധ്യമങ്ങളും ഇതിന്റെ പിന്നാമ്പുറത്തേക്ക് അന്വേഷണം കൊണ്ടുപോയില്ല. കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ പണമിടപാട് സ്ഥാപനത്തെക്കുറിച്ചും വ്യാപകമായ വാര്‍ത്തകള്‍ മുമ്പ് പുറത്തുവന്നിരുന്നു. ഈ കമ്പനിയില്‍ NCD മുഖേന സമാഹരിച്ച കോടിക്കണക്കിന് രൂപ മുക്കുപണ്ട പണയത്തിലൂടെ കമ്പനിക്ക് പുറത്തേക്ക് മാറ്റി തന്റെ സ്വകാര്യ സമ്പാദ്യമാക്കി മാറ്റുകയായിരുന്നു കമ്പനി ഉടമ ചെയ്തത്. ഇതിന് ഇയാള്‍ സ്വീകരിച്ച മാര്‍ഗ്ഗം കൊല്ലത്തെ സ്ഥാപനത്തില്‍ നിന്നും കിലോക്കണക്കിന് മുക്കുപണ്ടം വാങ്ങി അത് തന്റെ കമ്പനിയുടെ ആയിരത്തിലധികം ബ്രാഞ്ചുകളില്‍ പണയമായി തിരുകിക്കയറ്റുകയായിരുന്നു. ഹെഡ് ഓഫീസ് ഗോള്‍ഡ്‌ (H.O.Gold) എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ വ്യാജ പണയങ്ങള്‍ ഹെഡ് ഓഫീസിലെ വിശ്വസ്തരായ ജീവനക്കാര്‍ മുഖേനയാണ് ഓരോ ശാഖകളിലും എത്തിച്ച് പണയമായി രേഖപ്പെടുത്തിയിരുന്നത്. ഈ വ്യാജ പണയത്തിന് ഉപയോഗിച്ചത് ഇതേ ബ്രാഞ്ചില്‍ മുമ്പ് സ്വര്‍ണ്ണം പണയം വെക്കുവാന്‍ വന്നവരുടെ വിലാസവും രേഖകളുമാണ്. മുന്‍ ഇടപാടുകാരുടെ ആധാര്‍ കാര്‍ഡും ഒപ്പും ഫോട്ടോയുമൊക്കെ ഈ ശാഖകളിലെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്നു. ഈ രേഖകള്‍ ഉപയോഗിച്ച് കമ്പനി ഉടമ ഇവിടെ മുക്കുപണ്ടം പണയമായി വെച്ച് NCD മുഖേന ലഭിച്ച നിക്ഷേപം വളഞ്ഞ വഴിയിലൂടെ കൈയ്ക്കലാക്കി. ഏതെങ്കിലും തരത്തിലുള്ള ഒരു അന്വേഷണം വന്നാല്‍ പിടിക്കപ്പെടുന്നത് ഒന്നുമറിയാത്ത പഴയ ഇടപാടുകാരാണ്. മുക്കുപണ്ടം പണയം വെച്ചതിന് ഇവര്‍ക്ക് ജയിലില്‍ പോകേണ്ടതായും വരും.

പല സഹകരണ ബാങ്കുകളിലും നിക്ഷേപകന്‍ അറിയാതെ പണം പിന്‍വലിക്കുകയും  ഭരണസമിതിയിലുള്ളവരും ജീവനക്കാരുമൊക്കെ വ്യാജ വായ്പകള്‍ മുഖേന സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്യുന്നുണ്ട്.  ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സി.പി.എം. മുന്‍ ഏരിയ കമ്മറ്റി അംഗവും വടശ്ശേരിക്കര മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ ബഞ്ചമിന്‍ ജോസ് ജേക്കബ് പ്രസിഡണ്ടായ കുമ്പളാംപൊയ്ക സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നതും സമാനമായ തട്ടിപ്പാണ്.  നിക്ഷേപകര്‍ അറിയാതെ വ്യാജ ഒപ്പിട്ട് പ്രസിഡന്റ് ബഞ്ചമിന്‍ ജോസ് ജേക്കബ് പണം പിന്‍വലിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  ഫാ.ജോര്‍ജ്ജ് നെല്ലിക്കലിന്റെ സഹോദരിയുടെ അക്കൌണ്ടില്‍ നിന്നും ഓഗസ്റ്റ്‌ 31 ന് രണ്ടുലക്ഷം രൂപ വ്യാജ ഒപ്പിട്ട് പിന്‍വലിച്ചിരുന്നു. ലിനി എബ്രഹാം എന്ന നിക്ഷേപകയുടെ മൂന്നുലക്ഷം രൂപ കാലാവധി പൂര്‍ത്തിയായപ്പോള്‍ പ്രസിഡണ്ടിന്റെ  അക്കൌണ്ടിലേക്ക് പലിശ ഉള്‍പ്പെടെ 3,89,778 രൂപ മാറ്റുകയും ഇതില്‍ 1,39,570 രൂപ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ലിനി എബ്രഹാമിന്റെ അനുമതിയില്ലാതെയാണ് ഇതുചെയ്തത്. ഓഗസ്റ്റ് 11 ന് മേരി എന്നയാളുടെ അക്കൌണ്ടില്‍ നിന്ന് 43,120 രൂപ പിന്‍വലിച്ച് പ്രസിഡണ്ടിന്റെ അക്കൌണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. നിക്ഷേപകന്‍ അറിയാതെ അവരുടെ പണം തട്ടിയെടുക്കുന്നതിന് സഹകരണ ബാങ്കുകളിലുള്ളവര്‍ക്ക് കഴിയുമെന്നതിന്റെ വ്യക്തമായ തെളിവാണ് ഇന്നലെ പത്ര മാധ്യമങ്ങളില്‍ വന്ന ഏറ്റവും പുതിയ ഈ വാര്‍ത്ത.

അംഗങ്ങള്‍  അറിയാതെ അവരുടെ പേരിൽ ലോൺ എടുത്ത് തട്ടിപ്പ് നടത്തുന്ന നടപടിയും പലയിടത്തും അരങ്ങേറുന്നുണ്ട്. മുമ്പ് വായ്പ എടുക്കുവാന്‍ നല്‍കിയ ആധാരങ്ങളും അനുബന്ധ രേഖകളും ഇത്തരത്തില്‍ തട്ടിപ്പിന് ഉപയോഗിക്കാം. ബാങ്കിലെ ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന വഴിവിട്ട വായ്പകള്‍ക്ക് തങ്ങളാണ് ജാമ്യം നിന്നതെന്ന് പലരും അറിഞ്ഞിട്ടുണ്ടാകില്ല. വായ്പകള്‍  കുടിശ്ശികയായി ജാമ്യക്കാര്‍ക്ക് ജപ്തി നോട്ടീസ് കിട്ടുമ്പോള്‍ മാത്രമാണ് തങ്ങള്‍ ജാമ്യക്കാര്‍ ആണെന്നും ചതിക്കപ്പെട്ടെന്നും പലരും അറിയുന്നത്. തങ്ങള്‍ ഒപ്പിട്ടിട്ടില്ലെന്നും രേഖകളില്‍ ഉള്ളത് വ്യാജ ഒപ്പ് ആണെന്നും തെളിയിക്കുവാന്‍ ഫോറന്‍സിക് പരിശോധന വരെ നടത്തേണ്ടിവരും. ഇത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഇതോടൊപ്പമുള്ള എല്ലാ രേഖകളും നിങ്ങള്‍ മുമ്പ് ബാങ്കില്‍ നല്‍കിയത് ആയതിനാല്‍ ഇതൊന്നും കൃത്രിമം ആണെന്ന് പറയുവാനും കഴിയില്ല. ഇത്തരത്തിൽ വ്യാജ വായ്പകൾ എടുക്കുമ്പോൾ അത് നിങ്ങളുടെ സിബിൽ സ്കോറിനെ സാരമായി ബാധിക്കും. സിബിൽ സ്കോർ കുറഞ്ഞാൽ പിന്നീട് ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ലഭിക്കാൻ ബുദ്ധിമുട്ടാകും. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും(NBFC) സഹകരണ ബാങ്കുകളിലും ഇടപാടുകള്‍ നടത്തുന്നവര്‍ മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ സിബിൽ റിപ്പോർട്ട് പരിശോധിക്കുന്നത് ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്താന്‍ സഹായിക്കും. CIBIL, Experian, Equifax എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഇത് ലഭ്യമാണ്. നിങ്ങൾ എടുത്തിട്ടില്ലാത്ത വായ്പകൾ റിപ്പോർട്ടിൽ കാണുന്നുണ്ടോ എന്ന് ഉറപ്പാക്കുക. സംശയാസ്പദമായ ഇടപാടുകൾ കണ്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കിനെയും സിബിൽ അതോറിറ്റിയെയും അറിയിക്കുക. ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ കോപ്പി നൽകുമ്പോൾ അതിൽ ഇടപാടിന്റെ ആവശ്യത്തിനായി മാത്രം എന്ന് എഴുതി നൽകാൻ ശ്രദ്ധിക്കുക.

സിബിൽ എന്നത് ഒരു വ്യക്തിയുടെയോ കമ്പനിയുടെയോ സാമ്പത്തിക ചരിത്രവും വായ്പ തിരിച്ചടവ് ശീലങ്ങളും സൂക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ്. ഇന്ത്യയിലെ പ്രധാന ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളിൽ ഒന്നാണിത്. ഇപ്പോൾ ഇതിന്റെ ഔദ്യോഗിക പേര് TransUnion CIBIL എന്നാണ്. നമ്മൾ ഒരു ബാങ്കിൽ ചെന്ന് പേഴ്സണൽ ലോൺ, ഹോം ലോൺ അല്ലെങ്കിൽ കാർ ലോൺ എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ ബാങ്കുകാർ ആദ്യം പരിശോധിക്കുന്നത് നമ്മുടെ സിബിൽ സ്കോറും റിപ്പോർട്ടുമാണ്. നമ്മുടെ തിരിച്ചടവ് ചരിത്രം മോശമാണെങ്കിൽ, അതായത് ലോൺ മുടക്കുകയോ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ബാങ്കുകൾ നമുക്ക് ലോൺ തരാൻ തയ്യാറാകില്ല.എല്ലാ ബാങ്കുകളും ഫിനാൻഷ്യൽ സ്ഥാപനങ്ങളും (NBFCs) തങ്ങളുടെ ഉപഭോക്താക്കളുടെ എല്ലാ മാസത്തെയും തിരിച്ചടവ് വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ, സാധാരണയായി മാസത്തിലൊരിക്കൽ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് കൈമാറാൻ നിയമപരമായി ബാധ്യസ്ഥരാണ്. ബാങ്കുകൾ അയച്ചുനൽകുന്ന ഈ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ സിബിൽ (TransUnion CIBIL) സ്വീകരിച്ച് അവരുടെ സെൻട്രൽ ഡാറ്റാബേസിൽ (Central Database) ക്ലൗഡ് വഴിയോ സെക്യൂർഡ് സെർവറുകൾ വഴിയോ സ്റ്റോർ ചെയ്യുന്നു. പുതിയ ഡാറ്റ സിസ്റ്റത്തിലേക്ക് എത്തുമ്പോൾ സിബിലിന്റെ പ്രത്യേക സ്കോറിംഗ് അൽഗോരിതം (Scoring Algorithm) പ്രവർത്തിക്കുകയും നിങ്ങളുടെ നിലവിലുള്ള സ്കോർ ഓട്ടോമാറ്റിക്കായി റീകാൽക്കുലേറ്റ് (Recalculate) ചെയ്യുകയും ചെയ്യും.

ഈ പ്രക്രിയയെല്ലാം പൂർത്തിയാകാൻ സാധാരണയായി 30 മുതൽ 45 ദിവസങ്ങൾ വരെ എടുക്കും. അതിനാല്‍  നിങ്ങൾ വായ്പയടച്ച് കഴിഞ്ഞാൽ ഉടൻ തന്നെ സിബിൽ സ്കോർ മാറണമെന്നില്ല, കുറച്ചു ദിവസങ്ങൾ കഴിഞ്ഞേ അത് സിസ്റ്റത്തിൽ റിഫ്ലക്റ്റ് ചെയ്യുകയുള്ളൂ. എന്നാല്‍ കൂടുതല്‍ കാലതാമസം ഉണ്ടായാല്‍ എത്രയുംവേഗം നിങ്ങള്‍ ഇടപാട് നടത്തിയ ബാങ്കിനെ സമീപിക്കണം. സിബിലിന്റെ പക്കൽ ഇന്ത്യയിലെ കോടിക്കണക്കിന് പൗരന്മാരുടെ മുൻകാല സാമ്പത്തിക ചരിത്രമുണ്ട്. നിങ്ങളുടെ പാൻ കാർഡ് (PAN Card), ആധാർ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയാണ് ഈ ഡാറ്റാബേസിൽ നിങ്ങളെ തിരിച്ചറിയാനുള്ള പ്രധാന ‘യൂണീക്ക് കീ’ (Unique Key – Root Identifier) ആയി പ്രവർത്തിക്കുന്നത്. സിബിൽ ഒറ്റയ്ക്ക് പോയി വിവരങ്ങൾ ശേഖരിക്കുകയല്ല ചെയ്യുന്നത്. രാജ്യത്തെ നൂറുകണക്കിന് ബാങ്കുകളും ബാങ്കിതര സ്ഥാപനങ്ങളും നൽകുന്ന വിവരങ്ങളാണ് ഇതിന്റെ ‘റൂട്ട്’ അല്ലെങ്കിൽ ഇന്ധനം. ഭാരത് റിസർവ് ബാങ്കിന്റെ (RBI) കീഴിലുള്ള Credit Information Companies (Regulation) Act, 2005 ആണ് ഇതിന്റെ നിയമപരമായ അടിത്തറ. എല്ലാ ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കളുടെ കൃത്യമായ വിവരങ്ങൾ ബ്യൂറോകൾക്ക് കൈമാറണമെന്ന് റിസർവ് ബാങ്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സിബിൽ റിപ്പോർട്ടുകൾ പ്രധാനമായും തയ്യാറാക്കപ്പെടുന്നത് പാൻ കാർഡ് (PAN Card), മൊബൈൽ നമ്പർ, വിലാസം, ജനനത്തീയതി എന്നിവ അടിസ്ഥാനമാക്കിയാണ്. നിങ്ങളുടെ പേരില്‍ വ്യാജ വായ്പകളും വ്യാജ സ്വര്‍ണ്ണ പണയങ്ങളും വ്യാജ ജാമ്യവും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങള്‍ തന്നെയാണ്.  നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ ഇന്ന് തന്നെ സിബിൽ പരിശോധിക്കൂ. #PathanamthittaMedia #CIBIL #FraudAlert

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  2. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

  3. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം

  4. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം

  5. കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും

Share on WhatsApp

Share this story

വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക pathanamthittamedia.com