മൂവാറ്റുപുഴ : 15 ലക്ഷം ഫണ്ട് അനുവദിച്ചിട്ടും റോഡ് നിര്‍മ്മാണം വൈകുന്നതിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്. പായിപ്ര ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ഒന്നാം മൈല്‍ – കാരമോളേല് റോഡിന്റെ നിര്‍മ്മാണമാണ് വൈകുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് എം.എല്‍.എ ആയിരുന്ന എല്‍ദോ എബ്രഹാമിന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് റോഡ് നവീകരണത്തിന് 15 ലക്ഷം രൂപ അനുവദിക്കുകയും ടെന്‍ഡര്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം വന്നതോടെ റോഡ് നിര്‍മ്മാണം നിലച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞിട്ടും റോഡ് നിര്‍മ്മാണം ആരംഭിച്ചില്ല.
പുതുപ്പാടി - ഇരുമലപ്പടി റോഡിലെ ഒന്നാംമൈലില്നിന്ന് ആരംഭിച്ച് അട്ടായം – മുളവൂര്‍ പി.ഒ ജങ്ഷന് റോഡിലെ വത്തിക്കാന്‍ സിറ്റിയില്‍ അവസാനിക്കുന്ന പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നാണിത്. അഞ്ചുവര്‍ഷം മുമ്പ് ടാര്‍ചെയ്ത റോഡ് ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്ന് കാല്‍നടപോലും ദുസ്സഹമാണ്. വേനല്‍മഴ പെയ്തതോടെ വെള്ളക്കെട്ടും ചെളിയും രൂപപ്പെട്ടു. പ്രദേശത്ത് ഓട്ടം വിളിച്ചാല്‍ ഓട്ടോറിക്ഷകള്‍ വരാത്ത അവസ്ഥയാണ്. മറ്റ് റോഡുകളെല്ലാം നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടും നിരവധിയാളുകള്‍ ഉപയോഗിക്കുന്ന ഒന്നാംമൈല്‍ – കാരമോളേല് റോഡിനോട് പഞ്ചായത്ത് അധികൃതരും വാര്‍ഡ് മെംബറും കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധം ശക്തമാണ്.





























