കുന്നത്തൂര്‍ : വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന റോഡിലെ കുഴികളില്‍ നാട്ടുകാര്‍ ഉറങ്ങിയ നേരം നോക്കി അര്‍ദ്ധരാത്രിയില്‍ ഓട്ടയടക്കാനുള്ള ശ്രമം വിഫലമായി. കുന്നത്തൂര്‍ നെടിയവിള – വേമ്പനാട്ടഴികത്ത് റോഡില്‍ പുത്തനമ്പലം ജംഗ്ഷനില്‍ ശനിയാഴ്ച രാത്രി 12 ഓടെ ആയിരുന്നു സംഭവം. കുണ്ടും കുഴിയുമായി കിടക്കുന്ന ഈ ഭാഗത്ത് പിക്കപ്പ് വാനില്‍ മെറ്റലും പാറപ്പൊടിയും എത്തിച്ച് കുഴി അടയ്ക്കാനായിരുന്നു ശ്രമം. വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴികളില്‍ അത് നീക്കം ചെയ്യാതെ മെറ്റലും പാറപ്പൊടിയുമിട്ട് അതിനു മുകളില്‍ ടാറിനെക്കാള്‍ കറുത്ത നിറമുള്ള പശപ്പുള്ള മിശ്രിതം ഒഴിക്കുകയായിരുന്നു.
എന്നാല്‍ ശബ്ദം കേട്ട് പ്രദേശവാസികള്‍ എത്തുകയും കുന്നത്തൂര്‍ പഞ്ചായത്തംഗങ്ങളായ രാജന്‍ നാട്ടിശേരി, അനീഷ്യ എന്നിവരുടെ നേതൃത്വത്തില്‍ തടയുകയുമായിരുന്നു. എം.എല്‍.എ പറഞ്ഞിട്ടാണ് തങ്ങള്‍ എത്തിയതെന്നായിരുന്നു തൊഴിലാളികളുടെ വാദം. തുടര്‍ന്ന് എം.എല്‍.എ യെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി നിര്‍മ്മാണം നിറുത്തി വയ്പിക്കുകയും ചെയ്തു.





























