പാലക്കാട് : അട്ടപ്പാടി ചെമ്മണ്ണൂരില്‍ വനംവകുപ്പിന്റെ വാഹനം പുഴയിലേക്കു മറിഞ്ഞ് പരിക്ക് പറ്റി ചികിത്സയിലായിരുന്ന റേഞ്ച് ഓഫീസര്‍ ഷര്‍മിള ജയറാം (32) മരിച്ചു. പാലക്കാട് യാക്കര സ്വദേശിയാണ്. വാഹനം ഓടിച്ചിരുന്ന മുക്കാലി സ്വദേശി ഉബൈദ് (27) ചികിത്സയിലിരിക്കെ 27നു മരിച്ചിരുന്നു.കഴിഞ്ഞ 24 ന് ഭവാനിപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിലൂടെ ജീപ്പില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം പുഴയിലേക്കു പതിച്ചാണ് അപകടം. ഗുരതരമായി പരുക്കേറ്റ ഷര്‍മിള പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചുരുങ്ങിയ കാലയളവില്‍ റേഞ്ച് ഓഫീസര്‍ എന്ന നിലയില്‍ ഷര്‍മിള അട്ടപ്പാടിയില്‍ നടത്തിയത് നിരവധി കഞ്ചാവ് വേട്ടകള്‍. മവോയിസ്റ്റുകളെ ഭയന്ന് വനപാലകര്‍ പോകാന്‍ മടിച്ചിരുന്ന കാട്ടിലാണ് ഷര്‍മിള ധൈര്യസമേതം എത്തിയത്. ദുര്‍ഘടമായ മല്ലിശ്വരന്‍മുടി, ചെന്താമല തുടങ്ങിയ വനങ്ങളില്‍ മലമുകളിലെത്തി കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. മാത്രമല്ല, ആദിവാസി മേഖലയിലെ വിദ്യാഭ്യാസ ഉന്നതിക്കായി വലിയ തോതിലുള്ള ഇടപെടലാണ് ഷര്‍മിള നടത്തിയത്. സുമനസുകളുടെ സഹായത്തോടെ നടപ്പാക്കിയ ആരണ്യകം പദ്ധതി ഏറെ ശ്രദ്ധ നേടിയിരുന്നു.