മോസ്‌കോ : യുക്രെയ്ന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ ആന്ദ്രെ സുഖൊവെസ്‌കി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് റഷ്യന്‍ സൈന്യം. അതേസമയം മേജര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന കാര്യം സൈന്യം വ്യക്തമാക്കിയിട്ടില്ല. യുക്രെയ്‌ന് നേരെ നടത്തിയ ആക്രമണത്തില്‍ നേതൃനിരയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു സുഖൊവെസ്‌കി. ആന്ദ്രെ സുഖൊവെത്സ്‌കി കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
അതേസമയം യുക്രെയ്ന്‍ പിടിച്ചടക്കാനുള്ള റഷ്യയുടെ ശ്രമം ഒന്‍പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുക്രെയ്നിലെ മൂന്നാമത്ത വലിയ നഗരമായ ഒഡേസ ലക്ഷ്യമാക്കി റഷ്യയുടെ കപ്പല്‍വ്യൂഹം പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ വ്യോമാക്രമണ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ദക്ഷിണ യുക്രെയ്നിലെ പ്രധാന നഗരമായ ഖേഴ്സണ്‍ പിടിച്ചെടുത്തതോടെ തലസ്ഥാന നഗരമായ കീവും കരിങ്കടലുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ റഷ്യയ്‌ക്കായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒഡേസ പിടിച്ചെടുക്കുന്നത് റഷ്യയെ സംബന്ധിച്ച് എളുപ്പമാണ്. രണ്ട് ദിവസത്തിനുള്ളില്‍ റഷ്യയുടെ കരിങ്കടല്‍ തീരമാകെ നിയന്ത്രണത്തിലാക്കുക എന്നതാണ് റഷ്യ പദ്ധതിയിടുന്നത്.






























