കൊച്ചി : മുന്‍ മിസ് കേരള അടക്കമുള്ളവരുടെ അപകട മരണത്തില്‍ കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. മോഡലുകള്‍ സഞ്ചരിച്ച കാറിനെ താന്‍ പിന്‍തുടര്‍ന്നില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടെന്നുമാണ് ഹര്‍ജിയില്‍ സൈജു വ്യക്തമാക്കിയിട്ടുള്ളത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ വെച്ചാണ് കാറില്‍ സഞ്ചരിച്ചവരെ ആദ്യം കാണുന്നത്. എന്നാല്‍ അമിതമായി മദ്യപിച്ചെന്ന് തോന്നിയതിനാല്‍ കാര്‍ ഓടിക്കരുതെന്ന് സദുദ്ദേശത്തോടെ ഉപദേശിക്കുകയായിരുന്നു ചെയ്തത്.
കാക്കനാട്ടെ ഫ്‌ലാറ്റിലേക്കുള്ള യാത്രയ്ക്കിടെ കുണ്ടന്നൂരില്‍ വെച്ച് കാര്‍ നിര്‍ത്തി വീണ്ടും വാഹനം ഓടിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുകേള്‍ക്കാതെ അമിത വേഗതയില്‍ കാറോടിച്ചുപോകുകയും അപകടത്തില്‍ പെടുകയുമായിരുന്നു. താന്‍ കാറിനെ ചേസ് ചെയ്‌തെന്ന അബ്ദുള്‍ റഹ്മാന്റെ മൊഴി കളവാണെന്നും സൈജു തങ്കച്ചന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. അതിനിടെ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജന ഷാജന്റെ കുടുംബം കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കി. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും വാഹനമോടിച്ച സൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അപകടം നടന്ന രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് അഞ്ജനയുടെ സഹോദരന്‍ അര്‍ജുന്‍ പറഞ്ഞു. അഞ്ജനയുടെ കുടുംബത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.