കായംകുളം: രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതി എന്ന കാഴ്ച്ചപ്പാട് സമൂഹത്തില്‍ ഉണ്ടായാല്‍ മാത്രമേ നാടിന് പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളു എന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ഇടതുപക്ഷം കേരളത്തെ പത്തൊന്‍പതാം നൂറ്റാണ്ടിലേക്ക് നയിക്കുമ്പോള്‍ ബിജെപി പത്താം നൂറ്റാണ്ടിലേക്ക് നയിക്കുകയാണ്. സ്വപ്ന സങ്കല്‍പ ഹിന്ദു രാഷ്ട്രമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വര്‍ഗീയത രക്തത്തില്‍ കലര്‍ന്നാല്‍ നാട് നശിച്ചുപോകും. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി രാഷ്ട്രത്തിന്റെ നന്മക്കായി നിലകൊള്ളണമെന്നും ശശി തരൂര്‍ പറഞ്ഞു.
യുഡിഎഫ് അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. എം ലിജുവിന്റെ പ്രചാരണ പരിപടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ത്താല്‍ കേരളത്തിന്റെ ഭാവിക്ക് ദോശമാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഹര്‍ത്താല്‍ നിരോധിക്കും. ഭരണഘടന പ്രകാരം പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശങ്ങളെല്ലാം നിലനിര്‍ത്തി മാത്രമേ ഹര്‍ത്താല്‍ നിരോധിക്കുകയുള്ളു. ഹര്‍ത്താല്‍ ഭയം കാരണം കേരളത്തില്‍ നിക്ഷേപം നടത്താന്‍ പലരും മടിക്കുകയാണ്.
10000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന ജര്‍മന്‍ കാര്‍ കമ്പനിയായ ബിഎംഡബ്യു കാര്‍ ഫാക്ടറി കേരളത്തില്‍ നിന്നും തമിഴ് നാട്ടിലേക്ക് പോയതിന് കാരണവും ഹര്‍ത്താലായിരുന്നു. തൊഴില്‍ മേഖലയുടെ അഭാവം കാരണം സംസ്ഥാനത്ത് തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പഠനത്തിന് അനുസൃതമായ തൊഴില്‍ ലഭിക്കുവാന്‍ ഇവിടെ സംവിധാനമില്ല. വിദേശങ്ങളിലേക്ക് തൊഴില്‍ തേടി പോകേണ്ടി വരുന്ന അഭ്യസ്ത വിദ്യരായിട്ടുള്ളവര്‍ക്ക് ഇവിടെ തന്നെ തൊഴില്‍ കണ്ടെത്താന്‍ അവസരം സൃഷ്ടിക്കും. പുതിയ വ്യവസായങ്ങള്‍ കൊണ്ടു വന്നാല്‍ മാത്രമേ സംസ്ഥാനത്തിന്റെ വരുമാനം ഉയര്‍ത്താനും ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനും തൊഴില്‍ ക്ഷാമം പരിഹരിക്കാനും കഴിയുകയുള്ളു.