യാംബു: സൗദി അറേബ്യയും ഫലസ്തീനും നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്നു. ഫലസ്തീനിലെ ആദ്യ സൗദി അംബാസഡറും ജറുസലമിലെ സൗദി കോൺസൽ ജനറലുമായി നായിഫ് ബിൻ ബന്ദർ അൽ സുദൈരി നിയമിതനായി. ഇത് ബന്ധത്തിന് കൂടുതൽ കരുത്തു പകരും. പ്രസിഡൻറ് മഹ്‌മൂദ് അബ്ബാസിന്റെ നയതന്ത്രകാര്യ ഉപദേഷ്ടാവ് ഡോ. മജ്ദ് അൽ ഖാലിദിന് ജോർദാനിലെ ഫലസ്തീൻ എംബസിയിൽ വെച്ച് അധികാര പത്രം കൈമാറിയതായി സൗദിയധികൃതർ പ്രഖ്യാപിച്ചു.
ഫലസ്തീനിലെ സൗദി അറേബ്യയുടെ നോൺ റസിഡൻറ് അംബാസഡറും കോൺസൽ ജനറലുമായി നായിഫ് അൽ സുദൈരി പ്രവർത്തിക്കും. ഇരു രാജ്യങ്ങൾ തമ്മിൽ സുദൃഢമായ ബന്ധം നിലനിൽക്കണെമെന്ന സൽമാൻ രാജാവിന്റെയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും താൽപര്യത്തിന്റെ ഫലമായാണ് ഈ നിയമനം. ഫലസ്തീൻ ജനതയോടുള്ള സൗദിയുടെ ഐക്യദാർഢ്യം കൂടുതൽ സജീവമാക്കാനും സൗദി ഭരണകൂടത്തിന്റെ പ്രതിബദ്ധതക്ക് കൂടുതൽ നേട്ടങ്ങൾ നൽകാനും കഴിയുന്ന സുപ്രധാനമായ ഒരു കാൽവെപ്പാണിതെന്ന് നിയുക്ത അംബാസഡർ നായിഫ് അൽ സുദൈരി പറഞ്ഞു.