തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ മെയ് 18 ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ നേരിട്ടെത്തി പ്രവേശനം നേടാം. വരുന്നവര്‍ കൊവിഡ് നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചിരിക്കണം. ഓണ്‍ലൈന്‍ വഴിയും പ്രവേശനം നേടാവുന്നതാണ്. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കും.
പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷ എഴുതുന്നവരിലെ എസ് സി-എസ് ടി വിഭാഗക്കാര്‍, മലയോര മേഖലയില്‍ താമസിക്കുന്നവര്‍, തീരദേശ മേഖലയിലുള്ളവര്‍ എന്നിവര്‍ക്കായി 200 കേന്ദ്രങ്ങളില്‍ പരീക്ഷാ പരിശീലന സൗകര്യമൊരുക്കും. പ്രാദേശിക പരിശീലന കേന്ദ്രങ്ങള്‍, ഊരുവിദ്യാകേന്ദ്രങ്ങള്‍ എന്നിവ വഴി നടപ്പാക്കുന്ന പദ്ധതിയില്‍ 20,000 വിദ്യാര്‍ഥികള്‍ക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കും. അധിക പഠന സാമഗ്രികള്‍, മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, പരീക്ഷ സഹായികള്‍ തുടങ്ങിയവയും ഇവര്‍ക്കായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.