പാപ്പിനിശ്ശേരി: ദേശീയ പാതയിൽ പാപ്പിനിശ്ശേരി എൽ.പി സ്കൂളിന് സമീപം സ്കൂട്ടർ അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊളച്ചേരി ചേലേരി സ്വദേശിയും കല്യാശ്ശേരി മോഡൽ പോളിടെക്നിക് വിദ്യാർഥിയുമായ പി. ആകാശ് (20) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.15 ന് ചേലേരിയിൽ നിന്നു സ്കൂട്ടറിൽ കല്യാശ്ശേരി പോളിടെക്നിക് കോളജിലേക്ക് വരുന്ന വഴി വേളാപുരം സർവിസ് റോഡ് കവലയിൽ വെച്ചാണ് അപകടം സംഭവിച്ചത്. സർവിസ് റോഡിലേക്ക് കയറുന്നതിനിടയിൽ പിന്നിൽ നിന്നുവന്ന ബസിന് കടന്നുപോകാൻ സൈഡ് കൊടുക്കുമ്പോൾ ഡിവൈഡറിന് സമീപത്തെ മൺകൂനയിൽ കയറി സ്കൂട്ടർ നിയന്ത്രണം വിട്ടു. ഈ സമയം തൊട്ടുപിന്നിൽ വന്ന പയ്യന്നൂർ ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് തട്ടി ആകാശ് റോഡിലേക്കും സ്കൂട്ടർ മറുഭാഗത്തേക്കും വീണു.
അതിനിടയിൽ ബസിന്റെ പിൻചക്രം ആകാശിന്റെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു. റോഡിൽ 15 മിനിറ്റോളം കിടന്നതിനുശേഷമാണ് വഴി യാത്രക്കാർ ചേർന്ന് സമീപത്തെ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. കല്യാശ്ശേരി പോളിയിലെ ബയോ മെഡിക്കൽ എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർഥിയാണ്. സംഭവത്തിൽ കേസെടുത്ത വളപട്ടണം പോലീസ് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.