പത്തനംതിട്ട : ഗണേശോല്‍സവ ഘോഷയാത്രയ്ക്കിടെ പന്തളം മുട്ടാറിൽ ആർഎസ്എസ് -എബിവിപി ക്രിമിനലുകളുടെ ആക്രമണത്തിന് ഇരയായ കുടുംബത്തെ എസ്‌ഡിപിഐ ജില്ലാ ഭാരവാഹികൾ സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. അടൂർ സ്വദേശിനിയും വയോധികയുമായ സുബൈദ ബീവിയും കുടുംബവും കാറിൽ പന്തളത്തെ മകളുടെ വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുബൈദ ബീവി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30ഓടെ മുട്ടാര്‍ പാലത്തിന് സമീപം സുബൈദ ബീവിയും കുടുംബവും സഞ്ചരിച്ച കാര്‍ അക്രമിസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും സുബൈദ ബീവിയെ കൈ പിടിച്ചുവലിച്ച് ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു.
കാര്‍ ഓടിക്കുകയായിരുന്ന സുബൈദ ബീവിയുടെ പേരമകന്‍ റിയാസ് (32), ഭാര്യ അല്‍ഷിഫ(24), മകള്‍ അസ്വ (2) എന്നിവരെ അക്രമികള്‍ അസഭ്യം പറയുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും അക്രമികളെ ഇതുവരെ പിടികൂടാൻ ആയിട്ടില്ല. നാടിന്റെ സമാധാനന്തരീക്ഷം തകർത്തുകൊണ്ട് വർഗീയ വിദ്വേഷം സംഘപരിവാർ അനുകൂലികൾ നാട്ടിൽ അഴിഞ്ഞാട്ടം നടത്തുന്നത്. ഇതിനെതിരെ നിയമപാലകർ കർശന നടപടി സ്വീകരിക്കുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. കുടുംബത്തെ മർദ്ദിച്ച ആർഎസ്എസ് എബിവിപി ക്രിമിനലുകളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമപരമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അറിയിച്ചു.