തിരുവനന്തപുരം : ഷാരോണ്‍ കൊലക്കേസില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ലൈസോള്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രതി ഗ്രീഷ്മയുടെ ഡിസ് ചാര്‍ജ് വൈകുന്നു. തല്‍ക്കാലം ജയില്‍വാസം ഒഴിവാക്കാന്‍ വേണ്ടി ആസൂത്രിതമായാണ് ഗ്രീഷ്മ ലൈസോള്‍ കുടിച്ചതെന്ന ആരോപണം ശക്തമാണ്. ടോയ്‌ലറ്റ് ക്‌ളീനറായ ലൈസോള്‍ ഉള്ളില്‍ചെന്നതിനെ തുടര്‍ന്ന് തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകളുണ്ടായതായാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.
അതുകൊണ്ട് തന്നെ കുടുതല്‍ പരിചരണം വേണമെന്ന ആവശ്യമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടുന്നതിനാല്‍ ഗ്‌ളൂക്കോസും മരുന്നുകളും ആവശ്യമാണ്. അതിനാല്‍ ഇന്നലെയും ഗ്രീഷ്മയെ ഡിസ് ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ഐ.സി.യുവില്‍ വനിത പോലീസുകാരുടെ കാവലിലാണ് ഗ്രീഷ്മ. കസ്റ്റഡിയില്‍ ആത്മഹത്യാശ്രമം നടത്തിയതിനാല്‍ കണ്ണിമവെട്ടാത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.
ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ബുധനാഴ്ചയും വിലയിരുത്തി. ഗ്രീഷ്മയെ മെഡിക്കല്‍ കോളേജിലെ പോലീസ് സെല്ലിലേക്കു മാറ്റിയേക്കും. നിലവില്‍ തെളിവുനശിപ്പിച്ച കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും കഷായത്തില്‍ വിഷം കലര്‍ത്തുന്നതിന് ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്. ഗ്രീഷ്മയെയും സിന്ധുവിനെയും നിര്‍മ്മലിനെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താനാണ് ഉദ്ദേശിക്കുന്നത്. വീട് പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു. ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷം പുതിയ തെളിവുകള്‍ ലഭ്യമായാല്‍ അമ്മാവനെയും അമ്മയെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനും കൂടുതല്‍ വകുപ്പുകള്‍ ഇരുവര്‍ക്കുമെതിരെ ചുമത്താനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
അതേസമയം കേസിലെ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ അന്വേഷണം നേരായ ദിശയിലാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഷാരോണിന്‍റെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനായി ഷാരോണിന്‍റെ വീട്ടിലെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. പെണ്‍കുട്ടിയുടെ വീട് തമിഴ്‌നാട്ടിലായതിനാല്‍ നിയമപരമായ തടസ്സങ്ങളില്ലാത്ത വിധത്തില്‍ കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കി പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കുകയെന്നതാണ് ഇപ്പോള്‍ അന്വേഷണസംഘം ചെയ്യേണ്ടത്. അതിന്‍റെ നടപടികളുമായി ക്രൈംബ്രാഞ്ച് നല്ല രീതിയില്‍ മുന്നോട്ടുപോവുകയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേസിന്‍റെ ആദ്യഘട്ടത്തില്‍ ലോക്കല്‍ പോലീസിനു പിഴവുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കൃത്യസ്ഥലം തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയായതിനാല്‍ കേസിന്‍റെ തുടരന്വേഷണവും കുറ്റപത്രസമര്‍പ്പണവും ഉള്‍പ്പെടെയുള്ള നടപടികള്‍ തമിഴ്‌നാട് പോലീസിന് കൈമാറുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംഘം നിയമോപദേശം തേടിയിട്ടുണ്ട്. ഷാരോണിന്‍റെ മരണമൊഴി ഒഴികെ സംഭവത്തിന്‍റെ ആസൂത്രണവും വിഷം കൊടുക്കലുമുള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം തമിഴ്‌നാട്ടിലെ ഗ്രീഷ്മയുടെ വീട്ടില്‍ വെച്ചായതിനാല്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി തമിഴ്‌നാട് പോലീസിന് കേസ് കൈമാറാനാണ് ശ്രമിക്കുന്നത്.
തങ്ങളുടെ അധികാര പരിധിക്ക് പുറത്തുണ്ടായ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും കുറ്റപത്രം സമര്‍പ്പിക്കാനും സംസ്ഥാന പോലീസ് ശ്രമിച്ചാല്‍ കേസിന്റെ വിചാരണഘട്ടത്തില്‍ അത് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ പിന്നീട് സാക്ഷികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തുന്നതുള്‍പ്പെടെ മറ്റ് തെളിവ് ശേഖരണവും കുറ്റപത്ര സമര്‍പ്പണവുമെല്ലാം പളുകല്‍ പോലീസാകും നിര്‍വഹിക്കുക. എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം എസ്‌പി ഡി.ശില്പയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രി റൂറല്‍ എസ്‌പി ഓഫീസില്‍ യോഗം ചേര്‍ന്ന് കേസിന്‍റെ ഇതുവരെയുള്ള അന്വേഷണവും ഉടന്‍ പൂര്‍ത്തിയാക്കേണ്ട മറ്റ് നടപടികളും വിലയിരുത്തി.
കേസില്‍ ഗ്രീഷ്മയുടെ പിതാവിനെ സംശയത്തിന്‍റെ ആനുകൂല്യം നല്‍കി വിട്ടയച്ചുവെങ്കിലും അദ്ദേഹവും പോലീസ് നിരീക്ഷണത്തിലാണ്. ഗ്രീഷ്മയെയും ബന്ധുക്കളെയും രണ്ടാം ഘട്ടം നടത്തുന്ന ചോദ്യം ചെയ്യലില്‍ ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ വ്യക്തത വരുത്താനാവും. ഗ്രീഷ്മ കൊലപാതകം സംബന്ധിച്ച് ഗൂഗിളില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാല്‍ എങ്ങനെ കൊലപാതകം നടത്താം എന്നുള്ളത് സംബന്ധിച്ചല്ല ഗ്രീഷ്മ ഗൂഗിളില്‍ തിരഞ്ഞതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
പോലീസിന്‍റെ ചോദ്യംചെയ്യല്‍ എങ്ങനെയൊക്കെയായിരിക്കുമെന്ന് ഗൂഗിള്‍ നോക്കി വിശദമായി മനസിലാക്കുകയായിരുന്നു ഗ്രീഷ്മയുടെ ഉദ്ദേശ്യം. മരണത്തില്‍ സംശയം തോന്നിയ പോലീസ് പലതവണ ചോദ്യംചെയ്‌തെങ്കിലും ഒരു പതര്‍ച്ചയും ഗ്രീഷ്മ പ്രകടിപ്പിച്ചില്ല. പക്ഷേ മാതാപിതാക്കള്‍ക്കൊപ്പവും തനിച്ചുമുള്ള മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ പതറുകയായിരുന്നു. അതിനുശേഷമാണ് എല്ലാം ഏറ്റുപറഞ്ഞത്.
ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷകുപ്പി പറമ്പില്‍ ഉപേക്ഷിച്ചുവെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. ഷാരോണ്‍ രാജിന്‍റെ മരണം സംബന്ധിച്ചുള്ള പോലീസിന്‍റെ ചോദ്യങ്ങള്‍ക്ക് വളരെ ശ്രദ്ധയോടെയാണ് ആദ്യം ഗ്രീഷ്മ മറുപടി പറഞ്ഞത്. മാത്രമല്ല തന്‍റെ പെരുമാറ്റത്തില്‍ ശ്രദ്ധ പുലര്‍ത്തിയെന്നും ഗ്രീഷ്മ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഷാരോണിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത് ഗ്രീഷ്മയുടെ വൈരാഗ്യമാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഷരോണിന്‍റെ പക്കലുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടുവെങ്കിലും ഇവ ഡിലീറ്റ് ചെയ്യുന്നതിനോ ഗ്രീഷ്മയ്ക്ക് നല്‍കുന്നതിനോ ഷാരോണ്‍ തയ്യാറായില്ല. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് ഷാരോണ്‍ കൈമാറുമോ എന്ന് ഗ്രീഷ്മ ഭയന്നിരുന്നുവെന്നും ഗ്രീഷ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഷാരോണിന്‍റെ കൊലപാതകത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഗ്രീഷ്മയുമായുള്ള ബന്ധം ഷാരോണ്‍ തുടരുന്നതില്‍ വന്‍ എതിര്‍പ്പാണ് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും ഉണ്ടായത്. മകളുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതിയുടെ അമ്മ ഷാരോണിനെയും മാതാപിതാക്കളെയും വിളിച്ചിരുന്നു. ഗ്രീഷ്മയ്ക്കും കുടുംബത്തിനും എതിരെ വലിയ ആരോപണങ്ങളാണ് ഷാരോണിന്‍റെ കുടുംബം ഉന്നയിച്ചത്. ഗ്രീഷ്മ പഠിച്ച കള്ളിയാണെന്നും യുവതിയുടെ അമ്മയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഷാരോണിന്‍റെപിതാവ് പറഞ്ഞിരുന്നു. വിഷം കലര്‍ത്താന്‍ ഗ്രീഷ്മയുടെ അമ്മയാണ് അവസരമൊരുക്കിയതെന്നും മകന്‍ വരുന്ന ദിവസം ഈ സ്ത്രീ വീട്ടില്‍ നിന്ന് മാറിനിന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഷാരോണ്‍ രാജിന്‍റെ അവസാന ശബ്ദസന്ദേശവും കാമുകിയുമായി നടത്തിയ ജ്യൂസ് ചലഞ്ചിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് സംശയ മുനകള്‍ കാമുകിയിലേക്ക് നീങ്ങിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഗ്രീഷ്മയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതാണ് വഴിത്തിരിവായത്. പിന്നാലെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഗ്രീഷ്മ പതറുകയായിരുന്നു. ഒടുവില്‍ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയ കാര്യം ഗ്രീഷ്മ സമ്മതിക്കുകയായിരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]
































