മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്രഷറുകളിൽ നിന്നും വൻ തോതിൽ മണ്ണ് കടത്തുന്നു. പൊതു മരാമത്ത് വകുപ്പ് പണിയുടെ സ്റ്റിക്കർ പതിച്ചാണ് മണ്ണ് കയറ്റിയ ടിപ്പറുകൾ നിരത്തിലൂടെ പായുന്നത്. ക്രഷറുകളിൽ നിന്നും പറ ഉൽപന്നങ്ങളുമായി മുന്നിലും പിന്നിലും ഓരോ ടിപ്പർ പോയാൽ ഇതിന്റെ ഇടയിൽ പത്തിലധികം ടിപ്പറുകൾ മണ്ണുമായാണ് പോകുന്നത്. ദിവസവും രാപകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് ലോഡ് മണ്ണാണ് ഓരോ ക്രഷർ യൂണിറ്റുകളിൽ നിന്നും അനധികൃതമായി കടത്തുന്നത്.
എഴുമറ്റൂർ, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന നിരവധി ക്രഷറുകളിൽ നിന്നും ഈ രീതിയിൽ മണ്ണ് കടത്തുന്നുണ്ട്. അധികൃതരുടെ കൺമുന്നിലൂടെയാണ് ഈ നിയമ വിരുദ്ധ പ്രവർത്തനം നടക്കുന്നതെന്ന് പരക്കെ ആക്ഷേപവും ഉയർന്നിട്ടുണ്ട്. മൂന്ന് സെന്റ് സ്ഥലത്തുനിന്നും വിടുവെക്കുന്നതിനായി മണ്ണ് എടുക്കുന്നതിന് അനുവാദത്തിനായി ചെന്നാൽ നൂറ് ചട്ടങ്ങൾ പറയുന്ന അധികാരികൾ ഇതൊന്നും കണ്ടില്ലെന്ന മട്ടാണ്.
മണ്ണുമായി തിരക്കേറിയ റോഡിലൂടെ അമിത വേഗതയിൽ തലങ്ങും വിലങ്ങും പായുന്ന ടിപ്പറുകൾ കാൽ നടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഒരു പോലെ ഭിഷണിയാണ്. പല ക്രഷറുകളിൽ നിന്നും പാറ ഉൽപ്പന്നങ്ങളേക്കാള്‍ ഇപ്പോൾ കൊണ്ടുപോകുന്നത് മണ്ണാണ്. അമിത ലാഭമാണ് ഇതിന് പിന്നില്ലെന്നാണ് അറിയുന്നു. അധികൃതരുട മൗനാനുവാദത്തോടെ ക്രഷറുകളിൽ നിന്നും അനധികൃതമായി നടക്കുന്ന മണ്ണ് കടത്ത് തടയാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.