പത്തനംതിട്ട : ഭാരതീയ വേലൻ സർവ്വീസ് സൊസൈറ്റിയുടെ എട്ടാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്നു. ബി വി എസ്സ് എസ്സ് സംസ്ഥാന പ്രസിഡന്റ് കെ കെ ശശിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം നിയമസഭാ ഡെപ്യുട്ടീ സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും സ്വകാര്യ മേഖലയിലും സംവരണം നടപ്പാക്കണമെന്ന് നിയമസഭാ ഡെപ്യൂട്ടീ സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു. അതിലൂടെ മാത്രമേ ഭരണഘടന ഉറപ്പ് നൽകുന്ന സമത്വം യാഥാർത്ഥ്യമാകു എന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ നടന്ന ഭാരതീയ വേലൻ സർവ്വീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടര ലക്ഷത്തിലധികം ഉദ്യോഗസ്ഥരാണ് ഉള്ളത്. അതിൽ പട്ടികജാതി പട്ടികവർഗ്ഗ സമുദായങ്ങൾക്ക് 500 ൽ താഴെ മാത്രമാണ് നിയമനങ്ങൾ ലഭിച്ചിട്ടുള്ളത്. എന്നാൽ ഈ മേഖലയിൽ സംവരണം നടപ്പായാൽ ഇരുപത്തി അയ്യായിരത്തോളം നിയമനങ്ങൾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ലഭിക്കും. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ പട്ടികജാതി നിയമസഭാ സമിതി അംഗം എന്ന നിലയിലും പിന്നീട് വന്ന ഇടത് സർക്കാരിന്റെ കാലത്ത് പിന്നോക്ക നിയമസഭാ സമിതി ചെയർമാൻ എന്ന നിലയിലും താൻ ഈ ആവശ്യം ഉന്നയിച്ചതായും എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല എന്നും അദ്ദേഹം പറഞ്ഞു.
വർധിച്ച് വരുന്ന സ്വകാര്യ വത്ക്കരണം പട്ടികജാതി പട്ടികവർഗ്ഗ സമുഹത്തെ കൂടുതൽ തൊഴിൽ രഹിതരാക്കും. സ്വകാര്യ മേഘലയിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് തൊഴിൽ ലഭിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ട അദ്ദേഹം രാഷ്ട്രീയത്തിനതീതമായി പട്ടികജാതി പട്ടികവർഗ്ഗ സംഘടനകളെ ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ദളിതർക്കും ആദിവാസികൾക്കും ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ സംരക്ഷണത്തിനായി ശക്തമായി പോരാടുന്നതിന് ഭാരതീയ വേലൻ സർവ്വീസ് സൊസൈറ്റി മുൻകൈയ്യെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചടങ്ങിൽ പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ മുഖ്യ അതിഥിയായി. ചടങ്ങിൽ ബി വി എസ് എസ് രക്ഷാധികാരി പി എസ് ഗൊവിന്ദൻ , വി കെ സോമൻ, സുനിൽ നെടുമ്പ്രം, സുനിൽ സി കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.





























