ഹൈദരാബാദ് : തെലങ്കാനയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയെ എലി കടിച്ച് മുറിവേല്‍പ്പിച്ചതായി പരാതി. രോഗിയുടെ കാലിലും കൈയിലും എലികള്‍ കടിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.
ആശുപത്രി സൂപ്രണ്ട് ബി ശ്രീനിവാസ റാവുവിനെ സ്ഥലം മാറ്റുകയും ചെയ്തു. തെലങ്കാനയിലെ വാറങ്കലിലുള്ള മഹാത്മാഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലിലാണ് (എംജിഎംഎച്ച്) സംഭവം. ഇവിടെ റെസ്പിറേറ്ററി ഇന്റര്‍മീഡിയറ്റ് കെയര്‍ യൂണിറ്റില്‍ (ആര്‍ഐസിയു) ചികിത്സയിലായിരുന്ന ശ്രീനിവാസ് എന്നയാളെയാണ് എലി കടിച്ചത്.
38 കാരനായ ഇയാളെ ശ്വാസകോശ, കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 26 നാണ് ആര്‍ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ശ്രീനിവാസിനെ എലികള്‍ കടിച്ചെന്നും കാലുകളിലും കൈകളിലും ഒന്നിലധികം മുറിവുകളുണ്ടെന്നും ശ്രീനിവാസിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. തെലങ്കാനയിലെ മുന്‍നിര സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നാണ് എംജിഎം വാറങ്കല്‍.





























