തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പഞ്ചാബില്‍ പിടിയില്‍. അമൃതസര്‍ സ്വദേശി സച്ചിന്‍ ദാസിനെയാണ് കേരള പോലീസ് പിടികൂടിയത്. ഐടി വകുപ്പിലെ ജോലിക്കായാണ് സ്വപ്‌ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്. മുംബൈയിലെ അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്.
ഒരു സുഹൃത്ത് വഴിയാണ് സ്വപ്‌ന സുരേഷ് സച്ചിന്‍ ദാസിനെ പരിചയപ്പെടുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പത്താം ക്ലാസ് പോലും പാസാകാത്ത സ്വപ്‌ന സുരേഷ് ഐടി വകുപ്പില്‍ ജോലി തരപ്പെടുത്തിയത്. കന്റോണ്‍മെന്റ് പോലീസ് പഞ്ചാബിലെത്തിയാണ് സച്ചിന്‍ ദാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസത്തിനകം ഇയാളെ തിരുവനന്തപുരത്തെത്തിക്കും





























