ഡൽഹി: രാജ്യത്ത് സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഗുരുതര സാങ്കേതിക തകരാറുകൾ വർധിക്കുന്നതായി ഔദ്യോഗിക കണക്കുകൾ. കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിൽ 889 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി വ്യോമയാന സഹമന്ത്രി മുരളീധർ മോഹൽ ലോക്‌സഭയിൽ വ്യക്തമാക്കി. കോൺഗ്രസ് അംഗം ശ്യാംകുമാർ ദൗലത്ത് ബർവയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2024ൽ 682, 2023ൽ 487, 2022ൽ 528, 2021ൽ 514 എന്നിങ്ങനെയായിരുന്നു മുൻ വർഷങ്ങളിലെ കണക്കുകൾ.
വിമാനയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഡിജിസിഎയുടെ നേതൃത്വത്തിൽ കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഓഡിറ്റുകളും നിരന്തര പരിശോധനകളും ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം 42 സംഭവങ്ങളിൽ വിമാനക്കമ്പനികൾക്കും എംആർഒ (മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ) യൂണിറ്റുകൾക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
അതിനിടെ, തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്നു ഡൽഹിയിലേക്കുള്ള യാത്രാമധ്യേ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട സംഭവം ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷിച്ചു വരികയാണ്. സാധാരണയായി ആകാശച്ചുഴികളിൽ അകപ്പെടുന്നവ ഗുരുതര അപകടങ്ങളായി കണക്കാക്കാറില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രണ്ട് പൈലറ്റുമാരെയും അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.
പരിശോധനയിൽ പോസിറ്റീവ് ഫലംവന്നെങ്കിലും ക്യാപ്റ്റൻ ലഹരിവസ്തു ഉപയോഗിച്ചെന്ന് ഈ ഘട്ടത്തിൽ തീർത്തുപറയാനാകില്ലെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ് പ്രസിഡന്റ് ക്യാപ്റ്റൻ സി.എസ്. രൺധാവ വ്യക്തമാക്കി. വേദനസംഹാരികളോ ബോഡി ബിൽഡിങ്ങിനുള്ള മരുന്നുകളോ കഴിച്ചാലും പ്രാഥമിക പരിശോധനകളിൽ ലഹരി ഉപയോഗിച്ചതായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും, സ്ഥിരീകരണ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






























