കോന്നി : പ്ലാസ്റ്റിക് ദുരുപയോഗം ഭാവി തലമുറയെ നശിപ്പിക്കുന്നതാണെന്ന ബോധ്യം നമ്മുക്കുവളര്‍ന്നു വരണമെന്നും അതാണ് തണല്‍ 2020 പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വി.കോട്ടയം ഗവ.എല്‍.പി.സ്‌കൂളില്‍ സംഘടിപ്പിച്ച തണല്‍ 2020 പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ഹരിത വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി നിര്‍വഹിച്ചു. ചെറുവനങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍ നടപ്പിലാക്കി വരുന്ന പച്ചതുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ തൈ നട്ട് നിര്‍വഹിച്ചു.
ഗവ.എല്‍.പി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എന്‍.എസ്.എസ് ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എം.ജി മധു അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ രാജേഷ് പദ്ധതി അവതരണം നടത്തി.
പ്ലാസ്റ്റിക് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ പങ്കാളിളാക്കുന്നിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകളും തുണി സഞ്ചി ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ 250 തുണി സഞ്ചികളും ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു ചടങ്ങില്‍ വിതരണം ചെയ്തു. വാട്ടര്‍ബോട്ടില്‍ സ്പോണ്‍സര്‍ ചെയതത് റോട്ടറി ക്ലബും തുണി സഞ്ചി തയ്യാറാക്കിയത് തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേന അംഗങ്ങളുമാണ്.
ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ സുലോചന, പ്രമാടം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുലോചന ദേവി, സജിതാ അജി, ഹരിത കേരളം മിഷന്‍ ആര്‍.പി ഗോകുല്‍, ആതിര ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു. തണല്‍ 2020 പദ്ധതി ഭാഗമായി പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും, ജൈവ വൈവിധ്യ ഫോട്ടോ ഗാലറി പ്രദര്‍ശനം നടന്നു.