കൽപറ്റ : പൂക്കോട് വെറ്ററിനറി കോളജിൽ മരിച്ച സിദ്ധാർഥിനെതിരെ പെൺകുട്ടി നൽകിയെന്നു പറയുന്ന പരാതിയിൽ ദുരൂഹത. പെൺകുട്ടിയുടെ പേരിൽ കോളജിൽ പരാതി എത്തിയത് സിദ്ധാർഥ് മരിച്ച ദിവസമാണ്. പരാതി ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് നൽകിയത് ഈ മാസം 20നുമായിരുന്നു. ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർഥിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനുശേഷം 20നും 26നും ഇന്റേണൽ കമ്മിറ്റി ചേർന്നിരുന്നു. പെൺകുട്ടിയെ നിർബന്ധിച്ചു പരാതി നൽകിയതാണെന്ന് ആരോപണം ഉയരുന്നുണ്ട്. മോശമായി പെരുമാറിയെന്നാണു പരാതിയുള്ളത്.
അതേസമയം, യുവാവിന്റെ മരണത്തിൽ കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. ആൾക്കൂട്ട വിചാരണയും ക്രൂരമർദനവുമെല്ലാം നടന്നിട്ടും ഇതേക്കുറിച്ച് ആഭ്യന്തര അന്വേഷണം നടന്നില്ല. പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടതോടെയാണ് അധികൃതർ ഇടപെട്ടത്. ഹോസ്റ്റൽ വാർഡന്റെ ചുമതലയുള്ള ഡീൻ എം.കെ നാരായണനെ വെറ്ററിനറി സർവകലാശാല വി.സി സംരക്ഷിക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.