തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്. അധികൃതർ നൽകുന്ന മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും പാലിച്ച് സുരക്ഷിതരായിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ഇവിടങ്ങളിലെല്ലാം സി.പി.ഐ (എം) പ്രവർത്തകർ രക്ഷാപ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നുണ്ട്.
ദുരിതബാധിതർക്ക് ഭക്ഷണവും വെള്ളവും അവശ്യവസ്‌തുക്കളും ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും പ്രസ്താവനയിൽ പറയുന്നു. ദുരിതമേഖലയിൽ ആരും ഒറ്റപ്പെട്ട് പോയിട്ടോ, കുടുങ്ങിക്കിടക്കുന്നോ ഇല്ല എന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണം. അപകടഭീഷണിയുള്ള മേഖലയിലെ എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു എന്ന് പാർട്ടി പ്രവർത്തകർ ഉറപ്പാക്കണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. മഴ ഒഴിയുമ്പോൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി കൈകോർത്ത് ശുചീകരണ പ്രവർത്തനങ്ങൾക്കും പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ടു. മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രംഗത്തിറങ്ങിയ എല്ലാവരെയും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്‌തു.



























