കൊച്ചി: അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നിർണായക കണ്ടെത്തലുകളെ തുടർന്ന് സംസ്ഥാനത്ത് അവയവദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് വ്യാപകമായ കച്ചവടം നടക്കുന്നുവെന്ന വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് 2010 ലെ വ്യവസ്ഥകൾ പുതുക്കുന്നത്. അവയവദാന നോഡൽ ഏജൻസിയായ കെ-സോട്ടോ ഇതുസംബന്ധിച്ച പുതിയ കരട് ആശുപത്രികൾക്ക് കൈമാറി.സ്ത്രീകളെയും നിർധനരെയും ലക്ഷ്യമിട്ടുള്ള ചൂഷണങ്ങൾ തടയുന്നതിനായി നിരവധി കർശന ഉപാധികളാണ് പുതിയ കരടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബന്ധുക്കൾ അല്ലാത്തവർ തമ്മിലുള്ള അവയവദാനത്തിന് പോലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് ഇനി നിർബന്ധമാണ്. ദാതാവ് ദിവസവേതനക്കാരനല്ലെങ്കിൽ തൊഴിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ദാതാവ് സ്ത്രീയാണെങ്കിൽ അച്ഛൻ, അമ്മ, മക്കൾ, ഭർത്താവ് തുടങ്ങിയ അടുത്ത ബന്ധുക്കളുടെ സമ്മതം വേണം. കൂടാതെ, ഭർത്താവിന് പകരം മറ്റൊരാൾക്ക് അവയവം നൽകുന്നതിനുള്ള കാരണം വ്യക്തമാക്കണമെന്നും, ദാതാവിന്റെയും ഭർത്താവിന്റെയും ഒരു വർഷത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
ബന്ധം തെളിയിക്കാൻ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളോ എംഎൽഎ, എംപിമാരുടെ കത്തുകളോ ഇനി സ്വീകരിക്കില്ല. ഔദ്യോഗിക രേഖകൾ തന്നെ വേണം. ദാതാവിന്റെയും സാക്ഷികളുടെയും സമ്മതമൊഴികൾ വീഡിയോയിൽ പകർത്തുക, മാനസിക പരിശോധന നടത്തി മാനസികാരോഗ്യവും സമ്മതവും ഉറപ്പാക്കുക, ദാതാവിന്റെ ദീർഘകാല ആരോഗ്യപരിചരണത്തിനായി ഇൻഷുറൻസ് ഉറപ്പാക്കുക തുടങ്ങിയ സുപ്രധാന വ്യവസ്ഥകളും പുതിയ കരടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആശുപത്രികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയ ശേഷം അന്തിമ മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും.




























