ഇടുക്കി: ഇടുക്കി കല്ലാർകുട്ടിയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരങ്ങൾ രംഗത്ത്. കല്ലാർകൂട്ടി മാങ്കടവ് ഭാഗത്ത് തെക്കുംചേരിക്കുന്നേൽ എബ്രഹാം ജോസഫിന്‍റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് കല്ലാർകുട്ടി – മാങ്കടവ് റോഡ് സൈഡിൽ എബ്രഹാം ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പരിശോധിച്ചതിൽ സംശയം തോന്നിയ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.
മൃതദേഹത്തിനുണ്ടായിരുന്ന പരിക്കുകളാണ് ബന്ധുക്കളെ സംശയത്തിലാക്കിയിരിക്കുന്നത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമ്പോൾ പല ഭാഗത്തു നിന്ന് രക്തം ഒഴുകിയതും ദുരുഹതയുണ്ടാക്കുന്നുണ്ട്. മറ്റെവിടയോ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടു വന്നിട്ടതാണെന്നാണ് സഹോദരങ്ങൾ സംശയിക്കുന്നത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വൈകിട്ട് അഞ്ച് മണിക്ക് കൊക്കോ വിറ്റ പണം വാങ്ങാനാണ് എബ്രഹാം കടയിൽ പോയത്. രാത്രി ഏഴേ കാലിന് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങണോയെന്ന് ഭാര്യയോട് വിളിച്ച് ചോദിച്ചിരുന്നു. ഏഴേ മുക്കാലിന് ഫോൺ വിളിച്ചെങ്കിലും എടുത്തില്ലെന്നാണ് ഭാര്യ പറയുന്നത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.