തിരുവനന്തപുരം : കേരള സർവകലാശാല കാര്യവട്ടം കാംപസിനുള്ളിലെ പഴയ വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറെ. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതാണ് പോലീസിനെ കുഴയ്ക്കുന്ന ചോദ്യം. മരണം നടന്നിട്ട് മൂന്നു വർഷത്തോളമെങ്കിലുമായിട്ടുണ്ടെന്നാണ് കരുതുന്നത്. സംഭവസ്ഥലത്തുനിന്ന് തെളിവുകളൊന്നും പോലീസിനു ലഭിച്ചിട്ടില്ല.
ഡോഗ് സ്ക്വാഡ് എത്തിയിട്ടും പരിേശാധനകൾ നടത്താനായില്ല. മരിച്ചെന്നു സംശയിക്കുന്ന അവിനാശിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്. അവിനാശിന്റെ ബന്ധുക്കൾ വെള്ളിയാഴ്ച തലസ്ഥാനത്തെത്തും. 40 വർഷം മുൻപ് ഉപേക്ഷിച്ച, ഭൂനിരപ്പിലുള്ള വാട്ടർ ടാങ്കിനുള്ളിലാണ് മൃതദേഹം കണ്ടത്. പതിനഞ്ചടിയോളം താഴ്ചയുള്ള ടാങ്കിനു മുകളിൽ ആറ് മാൻഹോളുകളുണ്ട്. ഇതിൽ രണ്ടെണ്ണം തുറന്നുകിടക്കുകയാണ്. ഇതിലൊന്നിനു താഴെയാണ് അസ്ഥികൂടം കണ്ടത്. കൊലപ്പെടുത്തിയതിനു ശേഷം കെട്ടിത്തൂക്കിയതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.