റാന്നി: ശബരിമല ക്ഷേത്രോൽപത്തിയോളം പഴക്കമുള്ള ആചാരപ്പെരുമ പേറി കല്ലട കാവടി സംഘം മക്കപ്പുഴയിലെത്തി. കൊല്ലം കിഴക്കേ കല്ലട കരുവേലി കുടുംബക്കാരും പടിഞ്ഞാറേ കല്ലട ചാങ്ങേത്തു കുടുംബക്കാരുമാണ് സംഘത്തിലുള്ളത്. നെയ് നിറച്ച ആലവട്ടക്കാവടികളുമേന്തി മകരസംക്രമ ദിനത്തിൽ അയ്യപ്പ സ്വാമിയുടെ ദർശനം തേടിയുള്ള യാത്രയ്ക്കിടെയാണ് ദക്ഷിണ സമർപ്പിക്കാനും ഉച്ചവിശ്രമത്തിനായും മക്കപ്പുഴ ശ്രീവിലാസം വീട്ടിലെത്തിയത്. കൊല്ലം കല്ലട കരുവേലിൽ കുടുംബത്തിലെ നാലു കെട്ടിനുള്ളിൽ ആചാരാനുഷ്ഠാനങ്ങളോടെ സൂക്ഷിച്ചു പോരുന്ന നെയ് കാവടിയും ചമയങ്ങളുമായി കുടുംബക്ഷേത്രത്തിൽ ആഴിയും പടുക്കയും നടത്തിയ ശേഷമാണ് യാത്ര ആരംഭിച്ചത്. ഇന്നലെ സന്ധ്യയോടെ -ശബരിമലയിലേക്കുള്ള തുടർ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ശരണം വിളി, കർപ്പൂരാരതി, കുടുംബാംഗങ്ങളുടെ കാണിക്ക എന്നിവയ്ക്ക് ശേഷം ഗുരുസ്വാമിമാരായ മുരളീധരൻ, അംമ്പു എന്നിവര്‍ ചേർന്ന് കുടുംബക്കാരണവർക്ക് ദക്ഷിണ സമർപ്പിച്ചായിരുന്നു തുടർ യാത്ര. കല്ലട ചിറ്റുമല ദേവീക്ഷേത്രത്തിന്റെ കൈ സ്ഥാനവും ഭരണവും നിക്ഷിപ്തമായിരുന്ന കരുവേലിൽ, ചാങ്ങേത്ത് എന്നീ രണ്ടു കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഗുരുസ്വാമിമാർ. നാല്പതു പേരടങ്ങിയ കല്ലട കാവടി സംഘം പന്ത്രണ്ടു ദിവസം കൊണ്ട് കാൽനടയായി ശബരിമലയിലെത്തും.
വഴി എരുമേലിയില്‍ എത്തുന്ന സംഘം ഇന്ന് പേട്ടതുള്ളിയശേഷം കാനനപാത വഴി ശബരിമലക്ക് തിരിക്കും. ശബരിമലയുടെ ചരിത്രത്തിനൊപ്പം പ്രാധാന്യമേറിയതാണ് കല്ലട കാവടികളും. കാനന മധ്യത്തിൽ ശബരിമലയിൽ അയ്യപ്പന്റെ പ്രതിഷ്ഠയ്ക്കായി പന്തളരാജാവ് പുറപ്പെട്ടപ്പോൾ കല്ലടയിലുള്ള രണ്ടു കുടുംബത്തിലെ കാരണവന്മാരായ സ്വാമിമാർ കൂടെ ഉണ്ടായിരുന്നു. പ്രതിഷ്ഠാ സമയത്ത് രാജാവിന് പരശുരാമ പണം നൽകിയത് ഇവരെന്നാണ് ഐതീഹ്യം. പ്രതിഷ്ഠ കഴിഞ്ഞപ്പോൾ വെളിച്ചപ്പാട് തുള്ളുകയും അരുളിപ്പാട് ഉണ്ടാകുകയും ചെയ്തു. പതിനെട്ടാംപടിയുടെ വീതിയിലുള്ള രണ്ട് മുളവടികൾ സ്വാമിമാർക്ക് നൽകി. കാവടി കെട്ടി നെയ് നിറച്ച് എല്ലാ വർഷവും മകരമാസം ഒന്നാം തീയതി രാവിലെ അയ്യപ്പന് ആടുന്നതിനുള്ള നെയ്യുമായി ശബരിമല സന്നിധാനത്ത് എത്തണമെന്ന് വെളിച്ചപ്പാട് നിർദേശിക്കുകയും ചെയ്തു. പന്തള രാജാവ് സന്നിധാനത്തിൽ എത്തുമ്പോൾ കാവടി വെക്കുന്നതിന് കാവടികുന്ന് എന്ന പേരിൽ സ്ഥലം അനുവദിച്ചു നൽകുകയും ചെയ്തു. പിന്നീട് എല്ലാവർഷവും മലയാള മാസം ധനു 18ന് കല്ലടയിൽനിന്ന് പുറപ്പെടുന്ന കാവടി സംഘം മാവേലിക്കര, ചെറിയനാട്, ചെങ്ങന്നൂര്‍, ആറന്‍മുള, ചെറുകോല്‍പ്പുഴ, അയിരൂര്‍, ഇടപ്പാവൂര്‍, വരവൂര്‍, പുല്ലൂപ്രം, ഇട്ടിയപ്പാറ, മന്ദമരുതി, മക്കപ്പുഴ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ആചാരപരമായ ചടങ്ങുകൾ നിറവേറ്റി എരുമേലിയിലെത്തി മകരവിളക്കിന്റെ തലേന്ന് കാൽനടയായി വ്രതനിഷ്ഠയോടെ ശബരിമലയിൽ എത്തിച്ചേരുന്നു. 12 ദിവസം നീളുന്നതാണ് കല്ലട കാവടി സംഘത്തിന്റെ ശബരിമല യാത്ര.
പതിനെട്ടാംപടിയുടെ വീതിയിലുള്ള ദണ്ഡിൽ തീർത്ത കാവടിയുടെ
രണ്ടറ്റത്തും ആലവട്ടം, കൊടി, തൂക്കുകൾ, അഭിഷേക നെയ് നിറച്ച കലം, തറവാട്ടിൽ നിത്യപൂജ ചെയ്യുന്ന അയ്യപ്പന്‍റെ അങ്കി, പട്ടും വെള്ളിയും കൊണ്ടുള്ള കിന്നരികൾ എന്നിവയാണ് സംഘം കാവടിക്കൊപ്പം ആചാരപൂർവം എഴുന്നള്ളിക്കുന്നത്. നീളം കൂടിയ ചുവപ്പ് കുപ്പായത്തിൽ കിന്നരികൾ പിടിപ്പിച്ച മേൽവസ്ത്രവും തലപ്പാവും കൈയിൽ ദണ്ഡും കഴുത്തിൽ തോൾ മെത്തയുമാണ് കാവടി ഏന്തുന്നവർ അണിയുന്നത്. സന്താനലബ്ധിക്കായി കല്ലടക്കാവടി ദർശനവും വഴിപാദ്യം വിശേഷപ്പെട്ടതാണെന്ന വിശ്വാസമുള്ളതിനാൽ കല്ലടക്കാവടിയെ തൊട്ടിയും കുഞ്ഞും എന്ന പേരിലും അറിയപ്പെടുന്നു. പുരാതന കാലം മുതലേ ഓരോ പ്രദേശങ്ങളിൽ എത്തുമ്പോഴും വരവേൽപ്പ് നൽകും. ചെറിയനാട് നിന്നും ആറന്മുളയിൽ എത്തിച്ചേരുമ്പോൾ കാവടി സംഘം വിശ്രമിച്ചിരുന്നത് തോവേലിൽ കുടുംബത്തിലായിരുന്നു. ആറന്മുളസദ്യയുടെ നാട്ടിൽ പ്രശസ്തമായ ആറന്മുള കാവടി സദ്യ സംഘം സ്വീകരിക്കും. തുടർന്ന് തിരുവാഭരണ പാത വഴി യാത്ര. കിഴക്കേ കല്ലട കരുവേലിൽ കുടുംബത്തിൽ നിന്നും പടിഞ്ഞാറേ കല്ലട ചാങ്ങേത്ത് കുടുംബത്തിൽ നിന്നും രണ്ട് കാവടികളുമായി 40 പേരുടെ സംഘമാണ് സന്നിധാനത്തേക്ക് പോകുന്നത്. മകരവിളക്കിനു തലേദിവസം സന്നിധാനത്തെത്തും. മകരസംക്രമ ദിവസം രാവിലെ അഭിഷേകത്തിനായി കാവടിയിൽ കൊണ്ടുവന്ന നെയ്യ് സമർപ്പിച്ച ശേഷം ദർശനപുണ്യവുമായി മലയിറങ്ങും. മകരം രണ്ടിന് ചാങ്ങേത്ത് ഗുരുഭൂതപൂജയും മൂന്നിന് കുരുവേലിയിൽ സമർപ്പണവും നടക്കുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും.