കൊച്ചി (പറവൂർ): കോണ്‍ഗ്രസില്‍ നല്ല ടീം ഉണ്ടെന്നും, അതില്‍ മാധ്യമങ്ങള്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ നോക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏത് കോണ്‍ഗ്രസ് നേതാവിന്റെ ചിത്രം വച്ച് പോസ്റ്റര്‍ അടിച്ചാലും കുഴപ്പമില്ല. കോണ്‍ഗ്രസില്‍ കുഴപ്പമാണെന്നത് സി.പി.എം നറേറ്റീവാണ്.കൊച്ചി സീറ്റിന് വേണ്ടി ഞാനും കെ.സി വേണുഗോപാലും തമ്മില്‍ അടി നടന്നെന്ന വാര്‍ത്ത പോലും ഞങ്ങള്‍ ഒന്നിച്ചിരുന്ന് കണ്ട് ചിരിക്കുകയായിരുന്നു. യോഗത്തില്‍ നിന്നും എല്ലാവരും ചായകുടിക്കാന്‍ ഉള്‍പ്പെടെ പലതവണ ഇറങ്ങിപ്പോയി.
ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ചര്‍ച്ച നടത്തിയിട്ടുണ്ട്. സി.പി.എമ്മിലേതു പോലെ പിണറായി വിജയന്‍ പോക്കറ്റില്‍ നിന്നും ഒരു കടലാസ് എടുത്ത് വായിച്ചാല്‍ കയ്യടിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഓരോ സ്ഥാനാര്‍ത്ഥികളെ കുറിച്ചും വിശദമായ ചര്‍ച്ച നടത്തിയാണ് തീരുമാനിച്ചത്. സി.പി.എമ്മിലെയും എന്‍.ഡി.എയിലെയും പല സ്ഥാനാര്‍ത്ഥികളെയും ഇപ്പോഴും തീരുമാനിച്ചിട്ടില്ല. യു.ഡി.എഫിന്റെ 140 സ്ഥാനാര്‍ത്ഥികളും പ്രചാരണം തുടങ്ങിയെന്നും വി.ഡി. സതീശൻ പറഞ്ഞു.






























