റാന്നി: പുതമൺ താത്കാലികപാതയിലും സമീപ സ്ഥലങ്ങളിലും മത്സ്യാവശിഷ്ടവും മാലിന്യവും തള്ളിയവരെയും വാഹനവും റാന്നി പോലീസ് പിടികൂടി. വാഹനത്തിൻ്റെ ഉടമയും ഡ്രൈവറുമായ ഇടുക്കി സ്വദേശി താമരശ്ശേരിൽ ടി.ബി റോബിൻ(33), കൊട്ടാരക്കര സ്വദേശി സന്തോഷ് ഭവനിൽ സുബിൻ(21) എന്നിവരെയാണ് റാന്നി പോലീസ് പിടികൂടിയത്. പുതമൺ ,കീക്കോഴൂർ,കാട്ടൂര്‍ പ്രദേശങ്ങളിലെ റോഡുകളിൽ നിരന്തരം മാലിന്യം തള്ളുന്നത് സ്ഥിരമായിരുന്നു. ദുര്‍ഗന്ധം അസഹ്യമായതിനെ തുടർന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ചെറുകോൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.സന്തോഷ് മാലിന്യം സ്ഥിരമായി കാണുന്ന പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. കൂടാതെ ബ്ലോക്കുപടി മുതല്‍ പുതമണ്‍ വരെയുള്ള വിവിധ ക്യാമറയിലെ ചിത്രങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മാലിന്യം ഇടുന്ന വാഹനം തിരിച്ചറിഞ്ഞത്.
പിക്കപ് വാൻ പോലീസ് തിരയുന്നതിനിടയില്‍ അപ്രതീക്ഷിതമായി പിടിയിലാകുകയായിരുന്നു. റാന്നി എസ് ഐ ബി.എസ് ആദർശിൻ്റെ നേതൃത്വത്തിൽ ശനിയാഴ്ച വെളുപ്പിനെ ചെത്തോങ്കര ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് വാഹനം പിടിയിലായത്. അടൂരിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കോഴി മാലിന്യം കടകളിൽ നിന്നും ശേഖരിച്ച് എത്തിക്കുന്ന ജോലിക്കിടെ ഇട്ടിയപ്പാറയിൽ നിന്നും ശേഖരിച്ച മത്സ്യ മാലിന്യങ്ങള്‍ പുതമണ്ണിൽ ഇട്ടതാണെന്ന് പോലീസ് പറഞ്ഞു.