കോലഞ്ചേരി : ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 18 ദിവസം ചികിത്സയില്‍ കഴിഞ്ഞ കുഞ്ഞ് ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കു മൊപ്പം മൂന്നാം പിറന്നാളാഘോഷിച്ച് അച്ഛനൊപ്പം മടങ്ങി. തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തില്‍ ആത്മീയയ്ക്ക് എസ്.യു.ടി ആശുപത്രിയില്‍ തുടര്‍ചികിത്സ നല്‍കും. വര്‍ക്കല സ്വദേശിയാണ് പിതാവ്.
അമ്മ സൗമ്യയ്ക്കൊപ്പം കഴിഞ്ഞിരുന്ന ആത്മീയയെ അബോധാവസ്ഥയില്‍ കഴിഞ്ഞ 20നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മ കുഞ്ഞിനെ സംരക്ഷിക്കാന്‍ പ്രാപ്തയല്ലെന്ന ബോദ്ധ്യത്താലും കുഞ്ഞ് പിതാവ് അനുരാജിനൊപ്പം സന്തോഷവതിയാണെന്ന ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് തീരുമാനമെന്ന് ശിശുക്ഷേമസമിതി ചെയര്‍പേഴ്സണ്‍ ബിറ്റി കെ. ജോസഫ് പറഞ്ഞു. കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റുവാങ്ങിയാണ് പിതാവിന് താത്കാലികമായി കൈമാറിയത്.
കുട്ടിയുടെ ഇടതുകൈയില്‍ പറ്റിയ ഒടിവുകള്‍ പൂര്‍ണമായും ഭേദമായിട്ടില്ല. നടക്കുമ്പോള്‍ കാലുകള്‍ക്ക് വേദനയുണ്ട്. സംസാരശേഷി പൂര്‍ണമായി വീണ്ടെടുത്തിട്ടില്ല. പറയുന്ന കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കും. സ്പീച്ച് തെറാപ്പി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുഞ്ഞിനെ തലയ്ക്കുമുകളില്‍ ഉയര്‍ത്തി കുലുക്കുമ്പോള്‍ തലച്ചോറിന് കുലുക്കം തട്ടിയുണ്ടാകുന്ന ബോഡിഷെയ്ക്ക് സിന്‍ഡ്രോം ബാധിച്ചതായും ഡോക്ടര്‍മാര്‍ സംശയിച്ചിരുന്നു.
കാക്കനാടുള്ള ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ ആത്മീയയുടെ അമ്മൂമ്മയും അമ്മയുടെ ചേച്ചി സ്മിതയും 10 വയസുള്ള മകനും സ്മിതയുടെ സുഹൃത്തായ ആന്റണി ടിജിനും ഒപ്പമാണ് സൗമ്യയും താമസിച്ചിരുന്നത്. ഇവിടെനിന്നാണ് ആത്മീയയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിക്ക് സ്വയം മുറിവേല്‍പ്പിക്കുന്ന സ്വഭാവമുണ്ടെന്നായിരുന്നു അമ്മ സൗമ്യയും അമ്മൂമ്മ സരസുവും തൃക്കാക്കര പോലീസിന് മൊഴിനല്‍കിയത്. ആരെയും അറസ്റ്റു ചെയ്തിട്ടില്ല. കുട്ടി പൂര്‍ണമായും സുഖമായശേഷം നേരിട്ട് മൊഴിയെടുക്കും. എറണാകുളം കുമ്പളം സ്വദേശികളാണ് സൗമ്യയും കുടുംബവും. സൗമ്യയും ഭര്‍ത്താവും വേര്‍പിരിഞ്ഞ് കഴിയുകയാണ്.































